‘വെറുപ്പിന്‍റെ മൂർധന്യം...’; ഉജ്ജയിനിലെ ഷാഹി മസ്ജിദ് പൊളിച്ചുനീക്കുന്നതിനെതിരെ കോൺഗ്രസ് എം.പി

ഇൻഡോർ: ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഭരണകൂട തീരുമാനത്തെ വെറുപ്പിന്‍റെ മൂർധന്യമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ്,

വികസനത്തിന്‍റെ പേരിൽ റോഡ് വിതി കൂട്ടുന്നതിനായി 600 വർഷം പഴക്കമുള്ള ഒരു പൈതൃക കേന്ദ്രം തകർക്കുന്നത് വെറുപ്പിന്റെ പാരമ്യമാണെന്ന് എ.ഐ.സി.സി ന്യൂനപക്ഷ വകുപ്പ് അധ്യക്ഷനും കോൺഗ്രസ് എം.പിയുമായ ഇംറാൻ പ്രതാപ്ഗഡി പ്രതികരിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു പൈതൃക കേന്ദ്രം തകർക്കുന്നത് ഒരു കാരണവശാലും സാധാരണ സംഭവമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നത് ഉജ്ജയിനിൽ വ്യാപക സംഘർഷത്തിനിടയാക്കിയിരുന്നു.

റോഡ് വികസനത്തിന്റെ പേരിൽ ഉജ്ജയിൻ ഷാഹി മസ്ജിദ് പൊളിക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ കുറച്ചുകൂടി വ്യക്തതയുള്ളതായിരിക്കണമെന്ന് ഇംറാൻ പ്രതാപ്ഗഡി എക്സിൽ കുറിച്ചു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ, പള്ളിക്ക് ചുറ്റും നിരന്തരം ബാരിക്കേഡുകൾ സ്ഥാപിച്ച് ഭരണകൂടം എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്? ഉജ്ജയിനിലെ ആയിരക്കണക്കിന് യുവാക്കൾ വിഷയത്തിൽ നിനന്തരം ശബ്ദം ഉയർത്തുന്നുണ്ട്. ജനവികാരത്തെ മാനിച്ച് റോഡ് വികസനത്തിനായി ആവശ്യമായ സ്ഥലം മറുവശത്തുനിന്ന് ഏറ്റെടുക്കണമെന്നാണ് ഉജ്ജയിൻ ഭരണകൂടത്തോട് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

1390ൽ നിർമിക്കപ്പെട്ട ഷാഹി മസ്ജിദ് ഉജ്ജയിനിലെ ഏറ്റവും പഴയക്കമേറിയ നിർമിതികളിലൊന്നാണ്. റോഡ് വികസനത്തിന്‍റെ പേരിൽ ഇതിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കാനുള്ള ഭരണകൂട നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് ക്രൂരമായാണ് പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിച്ച പ്രദേശവാകളെ നേരിട്ടത്. പൊലീസ് നടപടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. 2028ൽ നടക്കുന്ന സിംഹസ്ത കുംഭമേളക്കു മുന്നോടിയായാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായാണ് മസ്ജിദിന്‍റെ ഒരുഭാഗം പൊളിക്കുന്നത്. മസ്ജിദ് വഖഫ് സ്വത്താണെന്നും മറ്റൊരു ഭാഗത്തുകൂടി റോഡ് വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു.

ഗതാഗത സൗകര്യമൊരുക്കലും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് അനിവാര്യമായ പൊതുതാൽപര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി മസ്ജിദിന്റെ ഭാഗങ്ങൾ പൊളിക്കാൻ അനുമതി നൽകിയത്. ഉജ്ജയിൻ ഡെവലപ്മെന്റ് പ്ലാൻ 2035 പ്രകാരമാണ് റോഡ് വീതികൂട്ടൽ നടക്കുന്നത്. നോട്ടീസ് നൽകി പരാതികൾ കേൾക്കാനുള്ള അവസരം നൽകിയ ശേഷമാണ് കോർപ്പറേഷൻ തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Height of Hatred”: Congress on Demolition of Ujjain Shahi Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.