പ്രതീകാത്മക ചിത്രം

നോൺ-വെജ് ചിഹ്നവുമായി ആശയക്കുഴപ്പമുണ്ടാക്കും; പാക്കറ്റ് ഭക്ഷണങ്ങളിലെ ചുവപ്പ് മുന്നറിയിപ്പിനെതിരെ കമ്പനികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ നിർദേശിച്ചിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ലേബലുകളുടെ നിറത്തിൽ ഇന്ത്യ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ കമ്പനികൾ സുപ്രീം കോടതിയിൽ. മാംസാഹാര ഉൽപന്നങ്ങളെ തിരിച്ചറിയാൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന ചുവപ്പ് നിറവുമായി ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനികളുടെ വാദം.

രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിൽ കർശന പരിശോധനകളും റെയ്ഡുകളും നടന്നു വരുന്നതിനിടയിലാണ് ഈ പുതിയ നീക്കം. ഭക്ഷ്യ സുരക്ഷയും ശുചിത്വ നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പാക്കറ്റ് ഭക്ഷണങ്ങൾക്ക് മുന്നിൽ ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിനെതിരെയാണ് വൻകിട ഭക്ഷ്യ ഉൽപാദന കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.

ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടപ്പിലാക്കിയതുപോലെ കർശനമായ ഭക്ഷ്യ നിയന്ത്രണ മാതൃകകളിലേക്കാണ് ഇന്ത്യയും നീങ്ങുന്നത്. സ്കൂളുകൾക്ക് ഉള്ളിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപന നിരോധിക്കാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്.

പെപ്സി, കോകകോള, കാഡ്ബറി (മോണ്ടെലീസ്), നെസ്‌ലെ തുടങ്ങിയ ആഗോള ഭീമന്മാരും പരമ്പരാഗത പലഹാരങ്ങൾ വിൽക്കുന്ന ആയിരക്കണക്കിന് ചെറുകിട കമ്പനികളും ഉൾപെടുന്നതാണ് ഇന്ത്യയിലെ നൂറ് ബില്യൺ ഡോളറിലധികം വരുന്ന ഭക്ഷ്യവിപണി. മുന്നറിയിപ്പ് ലേബലുകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ ഇതിനായുള്ള മാനദണ്ഡങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കണമെന്നുമാണ് 'ഓൾ ഇന്ത്യ ഫുഡ് പ്രൊസസ്സേഴ്സ് അസോസിയേഷൻ' സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. നിലവിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടിയ അളവിലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ അടയാളപ്പെടുത്താൻ ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ലേബൽ കൊണ്ടുവരാനാണ് ഫുഡ് റെഗുലേറ്റർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കൾ ചുവപ്പ് നിറം കാണുമ്പോൾ അത് നോൺ-വെജ് തിരിച്ചറിയാനുള്ള ചിഹ്നമായാണ് പെട്ടെന്ന് കരുതാറുള്ളതെന്നും, അതിനാൽ ഈ പുതിയ മുന്നറിയിപ്പ് ചിഹ്നം വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും വ്യവസായ സംഘടന കോടതിയിൽ സമർപ്പിച്ച രേഖകളിൽ അറിയിച്ചു.

ഉത്പന്നങ്ങളുടെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചസാരയുടെ അളവ് മൂന്ന് ശതമാനത്തിലും കൊഴുപ്പ് 4.2 ശതമാനത്തിലും അധികമായാൽ ചുവപ്പ് മുന്നറിയിപ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കർശനമായ നിയമമാണ്. എന്നാൽ 100 ഗ്രാം കണക്കാക്കിയല്ല, പകരം ഒരു തവണ ഉപയോഗിക്കുന്ന അളവ് അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പുകൾ നൽകേണ്ടതെന്നും വ്യവസായ സംഘടന ആവശ്യപ്പെടുന്നു. അച്ചാർ (10 ഗ്രാം), ബ്രെഡ് (30 ഗ്രാം) എന്നിങ്ങനെ വളരെ കുറഞ്ഞ അളവിലാണ് പല ഇന്ത്യൻ ഭക്ഷണങ്ങളും കഴിക്കുന്നത് എന്നതിനാൽ നിലവിലെ രീതി മാറ്റണമെന്നാണ് ഇവരുടെ വാദം. സർക്കാർ സമർപ്പിച്ച ഈ നിർദേശം സുപ്രീം കോടതി തിങ്കളാഴ്ച പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Food giants in India call for reconsidering red colour of warning labels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.