ആശ്രമത്തിൽ 11 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; അന്തേവാസി അറസ്റ്റിൽ
ചണ്ഡിഗഢ്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലുള്ള ധനാന ഗ്രാമത്തിലെ സത്‌ലോക് ആശ്രമത്തിൽ വെച്ച് 11 വയസ്സുകാരനായ ആൺകുട്ടിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം നടന്നതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പ്രവർത്തകൻ സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിപത്തിലെ കൻസ്‌ദി ഗ്രാമവാസിയാണ് അറസ്റ്റിലായ സച്ചിൻ. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടിയുടെ കുടുംബം സേവനം ചെയ്യുന്നതിനായാണ് ആശ്രമത്തിൽ എത്തിയിരുന്നത്.
സെപ്റ്റംബർ 23-നാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ശിശുക്ഷേമ സമിതിയുടെ ഇടപെടലോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ ആശ്രമത്തിൽ നിന്ന് തന്നെ ആരെങ്കിലും 112 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 24-ന് സോണിപോട്ടിലെ ബറോഡ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74 പോക്സോ നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഗോഹാന ഡി.പി.സി ജിതേന്ദർ ഗെലാവത്ത് നൽകിയ വിവരമനുസരിച്ച് ആശ്രമം സന്ദർശിച്ച 11 വയസ്സുകാരനായ കുട്ടിക്ക് മോശമായ രീതിയിൽ സ്പർശനമേറ്റതായി സി.ഡബ്ല്യു.സി ചെയർപേഴ്സൺ അറിയിച്ചതിനെ തുടർന്നാണ് പോലീസ് നടപടി ഉണ്ടായത്. ഉടൻ തന്നെ പോലീസെത്തി കുട്ടിയെയും പിതാവിനെയും സംരക്ഷണ കസ്റ്റഡിയിലെടുക്കുകയും ഖാൻപൂർ കലാനിലെ പ്രത്യേക കേന്ദ്രത്തിലേക്ക് നിയമസഹായത്തിനും കൗൺസിലിങിനുമായി മാറ്റുകയും ചെയ്തു. കൗൺസിലിങിനിടയിലാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
സംഭവം എപ്പോഴാണ് നടന്നത് ഇതിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. കുട്ടിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ഹിസാറിലെ സത്‌ലോക് ആശ്രമ സംഭവവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസിൽ ജയിലിലായിരുന്ന ആശ്രമം മേധാവി രാംപാൽ ഈ വർഷം ഏപ്രിലിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ധനാന ആശ്രമം വീണ്ടും ഇത്തരത്തിലുള്ള ഒരു വിവാദത്തിലും വാർത്തകളിലും ഇടംപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.