'നിർഭയ’ ഓർമിപ്പിച്ച് സുപ്രീം കോടതി; ഡൽഹിയിലെ സ്ത്രീസുരക്ഷയിൽ കടുത്ത ആശങ്ക
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ബലാത്സംഗക്കേസുകളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. നിലവിലെ സാഹചര്യങ്ങളെ രാജ്യം മുഴുവൻ നടുങ്ങിയ 2012-ലെ 'നിർഭയ' കേസിനോട് ഉപമിച്ചാണ് സുപ്രീം കോടതി പരാമർശങ്ങൾ നടത്തിയത്. ഡൽഹിയിലെ ബലാത്സംഗ കേസുകൾ സ്വമേധയാ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതു ഭരണസംവിധാനങ്ങൾക്കും ക്രമസമാധാന പാലകർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.
ബസുകളിലും പാർക്കുകളിലും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും, കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ കുറവും കാരണം സ്ത്രീകൾക്ക് ഉയർന്ന സുരക്ഷാഭീഷണിയുള്ള മേഖലകളായി മാറാൻ സാധ്യതയുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി വ്യക്തമാക്കി. കേവലം ഐക്യദാർഢ്യം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും, ഇത്തരം വീഴ്ചകളിൽ കൃത്യമായ നടപടികൾ അത്യന്താപേക്ഷിതമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
വർഷങ്ങൾക്ക് മുമ്പ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ 'നിർഭയ' സംഭവത്തിന് സമാനമായ സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങൾ വീണ്ടും നീങ്ങുന്നതെന്ന് ഓർമിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ക്രിമിനൽ നിയമങ്ങളിൽ കർശന ഭേദഗതികൾ വരുത്തിയിട്ടും കുറ്റവാളികൾക്ക് യാതൊരുവിധ ഭയവുമില്ലാത്ത രീതിയിലാണ് അതിക്രമങ്ങൾ ആവർത്തിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ എവിടെയാണ് വീഴ്ച സംഭവിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.