നിയമസഭാ തോൽവിക്ക് പിന്നാലെ തൃണമൂലിന് ആശ്വാസ വിജയം; ബംഗാൾ ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ 23ൽ 15 സീറ്റ് നേടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ആശ്വാസ വിജയം. ബംഗാൾ ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് 23ൽ 15 സീറ്റുകളും നേടി കൗൺസിലിന്റെ നിയന്ത്രണം നിലനിർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിക്ക് ലഭിക്കുന്ന പ്രധാന സംഘടനാ വിജയമാണിത്.

ബി.ജെ.പിക്ക് മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും അഭിഭാഷകരുടെ സംഘടനയായ ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ഇടതുമുന്നണി മൂന്ന് സീറ്റുകൾ നേടി. കോൺഗ്രസിന് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

ബാർ കൗൺസിലിൽ 23 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. തൃണമൂൽ കോൺഗ്രസ് 23 സ്ഥാനാർഥികളെയും ബി.ജെ.പി 22 സ്ഥാനാർഥികളെയും ഇടതുമുന്നണി 12 സ്ഥാനാർഥികളെയും മത്സരിപ്പിച്ചു. 18 സ്വതന്ത്ര സ്ഥാനാർഥികളും രംഗത്തുണ്ടായിരുന്നു. ആകെ 75 സ്ഥാനാർഥികളാണ് മത്സരിച്ചത്.

23 സീറ്റുകളിൽ അഞ്ചെണ്ണം വനിതകൾക്കായി സംവരണം ചെയ്തിരുന്നു. ഇതിൽ നാലും തൃണമൂൽ സ്ഥാനാർഥികൾ സ്വന്തമാക്കി. ഒരു വനിതാ സീറ്റ് കോൺഗ്രസിനാണ് ലഭിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരം വനിതാ സ്ഥാനാർഥികളിൽനിന്ന് രണ്ട് അധിക വനിതാ അംഗങ്ങളെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്യും. ഇതോടെ പശ്ചിമ ബംഗാൾ ബാർ കൗൺസിലിന്റെ ആകെ അംഗസംഖ്യ 25 ആയി ഉയരും.

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ​ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിമത പ്രവർത്തനങ്ങളും കൂറുമാറ്റങ്ങളും നിയമപോരാട്ടങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ശക്തമായിരുന്നു. വിജയിച്ച തൃണമൂൽ സ്ഥാനാർഥികളെ മമത ബാനർജിയുടെ ശിപാർശ പ്രകാരമാണ് മത്സരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. തൃണമൂൽ അഭിഭാഷക സെല്ലിലെ സുഭാഷിസ് ചക്രവർത്തിയാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥി. ബൈസനോർ ചാറ്റർജി, അൻസർ മൊണ്ടൽ, അശോക് ദേബ്, ഇന്ദ്രനിൽ ബസു, സിദ്ധാർഥ മുഖർജി തുടങ്ങിയ പ്രമുഖ തൃണമൂൽ സ്ഥാനാർഥികളും വിജയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. മാർച്ച് ഒമ്പതിനാണ് ബാർ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഇത്. പുതിയ ബോർഡ് ഉടൻ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - TMC Sweeps Bengal Bar Council Polls BJP Wins Just 3 Seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.