ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ തുറന്ന പോരിലേക്ക് നീങ്ങുകയാണ് മമതാ ബാനർജി. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നിയമസഭ സ്പീക്കർ ബിമൻ ബാനർജിയുമായി ഇക്കാര്യം മുഖ്യമന്ത്രി ചർച്ച ചെയ്തെന്നാണ് സൂചന.

ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും.

സംസ്ഥാന സര്‍ക്കാർ നാളുകളായി ഗവര്‍ണറുമായി നല്ല ബന്ധത്തിലല്ല. നിയമസഭ പാസാക്കിയിട്ടും നിരവധി ബില്ലുകൾ ഒപ്പിടാതെ ഗവർണറുടെ മേശപ്പുറത്ത് കിടക്കുന്നത് ടി.എം.സിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഗവർണർ സംസ്ഥാനത്തിന്‍റെ ഭരണത്തിൽ കൈകടത്തുകയാണെന്ന് സ്പീക്കർ ലോക്സഭ സ്പീക്കർ ഓം ബിർലയോട് പരാതിപ്പെട്ടിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബംഗാളില്‍ നടന്ന അക്രമത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു.

എന്നാല്‍ ഗവർണർ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. 

Tags:    
News Summary - TMC plans to pass resolution demanding removal of West Bengal Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.