ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോർട്ട്. ബിജു ജനതാദൾ (ബിജെഡി) നേതാവ് പിനാകി മിശ്രയാണ് വരൻ. മേയ് മൂന്നിന് വിദേശത്ത് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും ഒരുമിച്ചത്.
പാർലമെന്റിനകത്തും പുറത്തും സംഘ്പരിവാർ രാഷ്ട്രീയത്തിനും കേന്ദ്ര സർക്കാറിനുമെതിരെ കടുത്ത രീതിയിൽ വിമർശനമുന്നയിക്കുന്ന തീപ്പൊരി പ്രസംഗത്തിലൂടെയാണ് മഹുവ ശ്രദ്ധേയയായത്. 1974 ഒക്ടോബർ 12 ന് അസമിലായിരുന്നു ജനനം. ബാങ്ക് ഉദ്യോഗസ്ഥയായാണ് കരിയർ തുടങ്ങിയത്. പിന്നീട് 2010 ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2019ലും ‘24ലും പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1959 ഒക്ടോബർ 23ന് ഒഡീഷയിലെ പുരിയിൽ ജനിച്ച പിനാകി മിശ്ര മുതിർന്ന രാഷ്ട്രീയക്കാരനും മുതിർന്ന അഭിഭാഷകനുമാണ്. സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദവും ഡൽഹി സർവകലാശാലയിൽനിന്ന് എൽഎൽബിയും നേടി. 1996ൽ പുരി ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. പിന്നീട് നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിൽ ചേർന്നു. 2009, 2014, 2019 വർഷങ്ങളിലും വിജയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.