കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എം.പിയുമായ അഭിഷേക് ബാനർജി തിങ്കളാഴ്ച കൊൽക്കത്തയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. പശ്ചിമ ബംഗാളിലെ പ്രൈമറി സ്കൂൾ അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുക.
രാവിലെ 11 മണിയോടെയാണ് ഇ.ഡിയുടെ സി.ജി.ഒ കോംപ്ലക്സിൽ അദ്ദേഹമെത്തിയത്. ഇ.ഡി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. കൂടാതെ സാമ്പത്തിക തെളിവുകൾ, ഡിജിറ്റൽ തെളിവുകൾ, മറ്റ് പ്രതികളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അഭിഷേകിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അഭിഷേക് ബാനർജിയുടെ മുൻ മൊഴികളും പുതിയ തെളിവുകൾ തമ്മിലുള്ള പൊരുത്തക്കേടുകളും സംബന്ധിച്ച് വിശദീകരണം തേടുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അഴിമതിയുമായി ബന്ധപ്പെട്ട് ഡയമണ്ട് ഹാർബർ എം.പിയോട് ചോദിക്കാനായി ഇ.ഡി രണ്ട് ഡസൻ ചോദ്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചുവെന്ന ആരോപണത്തിൽ പശ്ചിമ ബംഗാൾ സി.ഐ.ഡി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.
ജൂൺ മൂന്നിന് ഇ.ഡി അഭിഷേകിന് സമൻസ് നൽകിയിരുന്നു. ജൂൺ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട സമൻസ് അഭിഷേക് ബാനർജിയുടെ വസതിയിലെത്തി ഉദ്യോഗസ്ഥർ കൈമാറുകയായിരുന്നു. അന്വേഷണത്തിനിടെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ വീണ്ടും വിളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അധ്യാപക നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പശ്ചിമ ബംഗാളിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ മന്ത്രി ചന്ദ്രനാഥ് സിൻഹ ഉൾപ്പെടെ നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.