ട്രെയിൻ ദുരന്തം: ‘ഗൂഢാലോചന സിദ്ധാന്തം’ ചമച്ച് ബി.ജെ.പി; തൃണമൂലിനെതി​രെ സുവേന്ദു അധികാരി

കൊൽക്കത്ത: 280ഓളം പേർ മരിച്ച ഒഡീഷ ബാലസോർ ട്രെയിൻ ദുരന്തം നടന്ന് അഞ്ചുദിവസമായിട്ടും അപകടകാരണം കണ്ടെത്താത്ത സാഹചര്യത്തിൽ ‘ഗൂഢാലോചന സിദ്ധാന്തം’ ചമച്ച് ബി.ജെ.പി രംഗത്ത്. അപകടത്തിൽ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്.

‘റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂൽ േകാൺഗ്രസ് ചോർത്തി. മറ്റൊരു സംസ്ഥാനത്തെ അപകടമായിട്ടും ഇന്നലെ മുതൽ തൃണമൂൽ കോൺഗ്രസ് പരിഭ്രാന്തരാണ്. അപകടത്തിൽ സിബിഐ അന്വേഷണത്തെയും തൃണമൂൽ ഭയപ്പെടുന്നു’ -സുവേന്ദു ആരോപിച്ചു.

അപകടത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യപാപിച്ചത് എന്തിനാണെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തെ തൃണമൂൽ കോൺഗ്രസ് പിന്തുണക്കാത്തത് ഭയം ​കൊണ്ടാ​ണെന്നും രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് തൃണമൂൽ േകാൺഗ്രസിൽ എത്തിയത് എന്നത് അന്വേഷിക്കണമെന്നും സുവേന്ദു ആവശ്യപ്പെട്ടു.

രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് തൃണമൂൽ നേതാവ് കുനാൽ ഘോഷ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതേക്കുറിച്ചാണ് സുവേന്ദുവിന്റെ ആരോപണം. എന്നാൽ, ആരോപണം പരിഹാസ്യമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

അപകടത്തിന്റ ധാർമിക ഉത്തരവാിത്വം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മമത ബാനർജി റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്.

അതിനിടെ, അപകടത്തിൽ മരിച്ചവരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല. 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന് നാല് ദിവസമാകുമ്പോഴേക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിട്ടുണ്ട്. ബാലസോറിൽ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിലാണ് മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നത്. ​ഫ്രീസർ സൗകര്യങ്ങളൊന്നുമില്ലാതെ ചൂടുകൂടിയ കാലാവസ്ഥയിൽ കഴിയുന്ന മൃതദേഹങ്ങൾ അതിവേഗമാണ് അഴുകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ട്രെയിൻ അപകടത്തിൽ 1,100 പേർക്ക് പരിക്കേറ്റിരുന്നു. അതിൽ 900 പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 200ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച 278 പേരിൽ 101 പേരുടെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല - ഈസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ ഡിവിഷണൽ റെയിൽവേ മാനേജർ റിൻകേഷ് റോയ് പറഞ്ഞു.

ഭുവനേശ്വറിൽ സൂഷിച്ച 193 മൃതദേഹങ്ങളിൽ 80 എണ്ണം തിരിച്ചറിഞ്ഞു. 55 എണ്ണം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനനുസരിച്ച് ബന്ധുക്കൾക്ക് കൈമാറും.

Tags:    
News Summary - TMC behind Odisha train crash, tapped officials' phones: BJP’s Suvendu Adhikari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.