ഗ്രേറ്റർ ടിപ്ര ലാൻഡ് പ്രക്ഷോഭം പുനരാരംഭിക്കാൻ ടിപ്ര മോത; തീരുമാനം അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ

അഗർത്തല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഗ്രേറ്റർ ടിപ്ര ലാൻഡിനായുള്ള പ്രക്ഷോഭം പുനരാരംഭിക്കാനൊരുങ്ങി ഗോത്രവർഗ പാർട്ടിയായ തിപ്ര മോത. ജൂലൈ 8 മുതൽ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്ന് രാജകുടുംബാംഗവും ടിപ്ര മോത അധ്യക്ഷനുമായ പ്രദ്യുത് ദേബ് ബർമൻ പറഞ്ഞു. ഗ്രേറ്റർ ടിപ്ര ലാൻഡ് ഉൾപ്പെടെ തദ്ദേശീയ സമൂഹങ്ങളുടെ വിവിധ ആവശ്യങ്ങളും ഉന്നയിച്ചായിരിക്കും പ്രതിഷേധം. ത്രിപുര സർക്കാരിനൊപ്പം ചേരണമെങ്കിൽ തങ്ങളുടെ ആവശ്യം സാക്ഷാത്ക്കരിക്കണമെന്ന് അമിത് ഷായെ അറിയിച്ചതായും ദേബ് ബർമൻ പറഞ്ഞു.

"ടിപ്ര മോത ത്രിപുരയിലെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെങ്കിൽ ആദ്യം കേന്ദ്രം ഗ്രേറ്റർ ടിപ്ര ലാൻഡ് എന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റണം. ഭരണഘടനാപരമായ പരിഹാരം വിഷയത്തിൽ കാണുമെന്ന് ഞാൻ ജനങ്ങൾക്ക് വാക്ക് കൊടുത്തിരുന്നു. അത് തെറ്റിക്കാനാകില്ല. അതെന്‍റെ കടമയാണ്" - പ്രദ്യുത് ദേബ് ബർമൻ വ്യക്തമാക്കി.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയിലെ ബി.ജെ.പിയുടെ പ്രാദേശിക സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ചെയ്ത തെറ്റ് ടിപ്ര മോത ആവർത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.പി.എഫ്.ടി തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാതെയാണ് സർക്കാരുമായി കൈകോർത്തത്. ആവശ്യങ്ങൾ നിറവേറുന്നത് വരെ നിയമസഭക്ക് അകത്തായാലും പുറത്തായാലും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ രാഷ്ട്രീയത്തിൽ സജീവമാകാൻ താൽപര്യപ്പെടുന്നില്ല. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. അതിന് ശേഷം പൊതുജീവിതം ഉപേക്ഷിക്കാനാണ് തീരുമാനം. ജനങ്ങൾക്ക് ഭരണഘടനാപരമായ പരിഹാരം നൽകണം. അതിന് വേണ്ടി ഇനിയും ത്യാഗം ചെയ്യാൻ ഞാൻ തയാറാണ്. സമുദായമാണ് ടിപ്ര മോതയുടെ പ്രഥമ പരിഗണന, പാർട്ടി രണ്ടാമതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യം ചേരാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും ടിപ്ര മോത നിരസിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ശേഷം വീണ്ടും ടിപ്ര മോതയെ സമീപിച്ചെങ്കിലും ഗ്രേറ്റർ ടിപ്ര ലാൻഡ് എന്ന ആവശ്യം നിറവേറാതെ സഖ്യത്തിനില്ലെന്നായിരുന്നു ദേബ് ബർമന്‍റെ പ്രതികരണം. 

Tags:    
News Summary - Tipra Mota to resume Greater Tipra Land agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.