കരൂർ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സംഘാടകരായ ടി.വി.കെ നേതൃത്വം വീഴ്ച അംഗീകരിച്ച് ഇരകളോടും കുടുംബങ്ങളോടും മാപ്പുപറയണമെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ എം.പി. കരൂരിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
സംഭവത്തിൽ പരസ്പരം പഴിചാരുന്നത് ഒഴിവാക്കണമെന്നും കമൽഹാസൻ പറഞ്ഞു. സ്ഥലം എം.എൽ.എയും ഡി.എം.കെ നേതാവുമായ സെന്തിൽ ബാലാജിക്കൊപ്പമായിരുന്നു കമൽഹാസൻ കരൂരിൽ സന്ദർശനം നടത്തിയത്. വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. സർക്കാറിന് കർത്തവ്യം നിറവേറ്റുന്നതിൽ പിന്തുണക്കണമെന്നും കമൽഹാസൻ പറഞ്ഞു.
കരൂരിൽ രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്ത് ഇറങ്ങിയ സെന്തിൽ ബാലാജിയെ കമൽഹാസൻ അഭിനന്ദിച്ചു. ദുരന്തത്തിലെ ഇരകളുമായും കുടുംബാംഗങ്ങളുമായും കമൽഹാസൻ കൂടിക്കാഴ്ച നടത്തി. മറ്റെവിടെയെങ്കിലുമാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും അധികരിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരൂരിൽ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവവത്തിന് പിന്നാലെ, ടി.വി.കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനടക്കം നേതാക്കൾ അറസ്റ്റിലായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയടക്കം കുറ്റങ്ങൾ ചുമത്തി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ഡെപ്യൂട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, വിജയ്‌യുടെ പേര് ഒരു എഫ്.ഐ.ആറിലും ഉൾപ്പെടുത്തിയിട്ടില്ല.
തന്നെ അറസ്റ്റ് ചെയ്യാൻ സർക്കാറിനെ വെല്ലുവിളിക്കുന്ന വിജയ്‌യെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രം മുരസൊലി കഴിഞ്ഞ ദിവസം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ‘41 പേരുടെ കൊലപാതകത്തിന് കാരണക്കാരനായ വിജയ്‌യുടെ ധാർഷ്ട്യവും, പണത്തോടുള്ള ആർത്തിയും പബ്ലിസിറ്റി മാനിയ, അധികാരമോഹം എന്നിവയിൽ നിന്ന് ഉടലെടുത്ത അഹങ്കാരവും ഇതുവരെ ശമിച്ചിട്ടില്ലെന്നാണ് നടന്റെ നിലപാട് കാണിക്കുന്നതായിരുന്നു മുരസൊലി എഡിറ്റോറിയലിലെ വിമർശനം.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മദ്രാസ് ഹൈകോടതി വിജയ്‌യെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെയെയും ശാസിച്ചിരുന്നു. പാർട്ടിയുടെ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റത്തെയും പശ്ചാത്താപം പ്രകടിപ്പിക്കാത്ത നിലപാടിനെയും അപലപിച്ച ജസ്റ്റിസ് എൻ. സെന്തിൽകുമാർ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.