ന്യൂഡൽഹി: അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ വിദേശികളായി പ്രഖ്യാപിച്ച് തടങ്കലിലാക്കിയ നാല് സ്ത്രീകളെ നാടുകടത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. തെളിവുകൾ ട്രൈബ്യൂണൽ പൂർണമായും അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബസീറം നെസ്സ, മുസ്സാമത് നുറേസ ബീഗം, സലേഹ ഖാത്തൂൻ, സർഭാനു ബീഗം എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.
കേന്ദ്ര-അസം സർക്കാറുകൾക്കും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ച കോടതി നാല് ആഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു. 1971ന് മുമ്പുള്ള വോട്ടർപട്ടികയിൽ പേരുള്ള ഇന്ത്യൻ പൗരന്മാരുടെ മകളാണെന്ന് തെളിയിക്കാൻ എൻ.ആർ.സി ലെഗസി ഡേറ്റ, പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ, സഹോദരിയുടെ സാക്ഷിമൊഴി എന്നിവ ഹാജരാക്കിയിട്ടും കുടുംബ വിവരങ്ങളിലെ മനുഷ്യസഹജമായ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് തന്നെ വിദേശിയാക്കിയതെന്ന് 50 വയസ്സുകാരി സലേഹ ഖാത്തൂൻ ഹരജയിൽ ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റ് നൽകിയ അധികാരികളെ വിസ്തരിച്ചില്ലെന്ന കാരണത്താൽ ബന്ധം തെളിയിക്കുന്ന രേഖകൾ സ്വീകരിക്കാനും ട്രൈബ്യൂണൽ വിസമ്മതിച്ചു.
പേര് എഴുതിയതിലെ അക്ഷരവിന്യാസത്തിലുള്ള വ്യത്യാസങ്ങളും വോട്ടർപട്ടികയിലെ ഭർത്താവിന്റെ പേരുമായി ബന്ധപ്പെട്ട ഒരു എൻട്രിയിലെ പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചാണ് ട്രൈബ്യൂണൽ പ്രധാനമായും ഇവരുടെ വാദം തള്ളിയത്. മാർച്ച് രണ്ടുമുതൽ ഗോപാൽപാര തടങ്കൽ പാളയത്തിലാണ് സലേഹ ഖാത്തൂൻ. തന്റെ പിതാവിന്റെ പഴയ വോട്ടർ രേഖകളും പൗരത്വ തെളിവുകളും ഹാജരാക്കിയെങ്കിലും, പേരെഴുതിയതിലെ അക്ഷരവിന്യാസ വ്യത്യാസങ്ങളും ഭർത്താവിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പൊരുത്തക്കേടും മാത്രമാണ് സർഭാനുവിന് പൗരത്വം നിഷേധിക്കപ്പെടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.