മമത ബാനർജിക്ക് വേണ്ടി എം.പി സ്ഥാനം രാജിവെക്കാൻ സൗരവ് ഗാംഗുലി യൂസഫ് പത്താനോട് ആവശ്യപ്പെട്ടോ? അഭ്യൂഹങ്ങൾ തള്ളി ഗാംഗുലി

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സ്വന്തം മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി പാർലമെന്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിരുന്നു. ഇതിനായി ബഹറാംപൂർ എംപിയായ യൂസഫ് പത്താനെക്കൊണ്ട് രാജിവെപ്പിച്ച് ആ മണ്ഡലത്തിൽ മമത ബാനർജി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയിടുന്നതായി പ്രമുഖ ബംഗാളി ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഈ ദൗത്യത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹായം തൃണമൂൽ കോൺഗ്രസ് തേടിയതായും റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വാർത്തകളെ സൗരവ് ഗാംഗുലി നിഷേധിച്ചിരിക്കുകയാണ്. വാസ്തവത്തിന് നിരക്കാത്തതും തികച്ചും അസംബന്ധവുമായ ആരോപണങ്ങളാണ് ഇതെന്നും ഇത്തരം റിപ്പോർട്ടുകൾ സത്യത്തെ പരിഹസിക്കുന്നതാണെന്നും ഗാംഗുലി വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കാനും മമത ബാനർജി ലോക്സഭാ പാതയിലൂടെ പാർലമെന്റിലെത്താൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആധികാരികമായ സ്ഥിരീകരണങ്ങളില്ലെങ്കിലും, മമതയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മുർഷിദാബാദ് ജില്ലയിലെ ബഹറാംപൂർ സീറ്റ് ടി.എം.സി ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്. 2024ൽ മുതിർന്ന കോൺഗ്രസ് നേതാവായ അധീർ രഞ്ജൻ ചൗദരിയെ പരാജയപ്പെടുത്തി മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ ജയിച്ച മണ്ഡലമാണിത്. നിലവിൽ ഈ മണ്ഡലത്തിൽ യൂസഫ് പത്താന് വലിയ ആധിപത്യമാണ് ഉള്ളത്.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഗാംഗൂലിയും യൂസഫും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതിനാലാണ് ഗാംഗൂലിയെ യൂസഫുമായി ചർച്ച നടത്താനും എം.പി സ്ഥാനം വിട്ടു നൽകണമെന്ന് ആവശ്യപ്പെടാനും അയച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാർത്ത ബംഗാളിലും രാജ്യവ്യാപകമായും വൻ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ പ്രസ്തുത വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗാംഗൂലി. ഇത്തരം സെൻസേഷണൽ റിപ്പോട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Did Sourav Ganguly ask Yusuf Pathan to resign as MP for Mamata Banerjee? Ganguly denies rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.