E85 പെട്രോളിന് ഡൽഹിയിലെ വില

രാജ്യത്ത് E85 പെട്രോൾ അവതരിപ്പിച്ചു; സാധാരണ പെട്രോളിനേക്കാൾ 20 രൂപ കുറവ്!

ന്യൂഡൽഹി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യത്ത് E85 ഇന്ധനം ഔദ്യോഗികമായി പുറത്തിറക്കി. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഡൽഹിയിലെ ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റിൽ വെച്ചാണ് പുതിയ ഇന്ധനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ നിർണായക ചുവടുവെപ്പാണിതെന്നും മന്ത്രി ഉദ്ഘാടന വേളയിൽ വ്യക്തമാക്കി.

എന്താണ് E85 ഇന്ധനം?

80 മുതൽ 85 ശതമാനം വരെ എഥനോളും 14 മുതൽ 19 ശതമാനം വരെ പെട്രോളും ചേർന്ന മിശ്രിതമാണ് E85. നിലവിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന E20 (20 ശതമാനം എഥനോൾ) മിശ്രിതത്തേക്കാൾ വളരെ ഉയർന്ന അളവിലാണ് ഇതിൽ എഥനോൾ അടങ്ങിയിരിക്കുന്നത്. 2030-31 ഓടെ മൊത്തം ഇന്ധനത്തിൽ 26 ശതമാനം എഥനോൾ മിശ്രിതമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിത്.

സാധാരണ പെട്രോളിനേക്കാൾ ഏകദേശം 20 രൂപ കുറവാണ് E85 ഇന്ധനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില. ഇത് വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, E85 ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനുകളുള്ള വാഹനത്തിൽ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ എന്നത് ഒരു അപര്യാപ്തതയാണ്. അല്ലാത്ത വാഹനഉടമകൾ ഇന്ധനം ഉപയോഗിക്കുമ്പോൾ എൻജിൻ തകരാർ സംഭവിക്കാനും മൈലേജ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. അതിനാൽ, ഇത് സാധാരണക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും എന്ന പറയാൻ സാധിക്കില്ല.

എവിടെ ലഭിക്കും?

തുടക്കത്തിൽ രാജ്യത്തെ 48 പൊതുമേഖലാ പെട്രോൾ പമ്പുകളിലാണ് E85 ലഭ്യമാക്കുന്നത്. ഇത് 2026 ഡിസംബറോടെ 500 ഔട്ട്‌ലെറ്റുകളിലേക്കും, 2027 ഡിസംബറോടെ 5,000 ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. നിലവിൽ ഡൽഹിയിലാണ് ഇന്ധന വിതരണം ആരംഭിച്ചിരിക്കുന്നത്.

'ഫ്ലെക്സ് ഫ്യൂവൽ' (Flex-fuel) സാങ്കേതികവിദ്യയുള്ള വാഹനങ്ങളിൽ മാത്രമേ E85 ഉപയോഗിക്കാനാവൂ. നിലവിൽ ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ് ഫ്യൂവൽ, ഹീറോ എച്ച്എഫ് ഡീലക്സ് ഫ്ലെക്സ് ഫ്യൂവൽ എന്നീ ബൈക്കുകൾ E85 ഇന്ധനനത്തിന് പര്യാപ്തമാണ്. മാരുതി സുസുക്കിയുടെ വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ മോഡലും കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മറ്റു കമ്പനികളും ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - E85 petrol introduced in the country: Rs 20 cheaper than regular petrol!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.