ന്യൂഡൽഹി: രാജ്യത്തിന്‍റെ അഭിമാനമായ സംഗീതജ്ഞൻ എ.ആർ റഹ്മാൻ ചരിത്ര പ്രസിദ്ധമായ അട്ടാരി അതിർത്തിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ അതിരുകൾ കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ജവാന്മാർക്ക് ആദരമർപ്പിച്ചുകൊണ്ട് ജൂൺ 7-നാണ് പ്രത്യേക സംഗീത വിരുന്ന് നടക്കുക.
ജയ് ഹോ - എ ട്രിബ്യൂട്ട് ടു ദി ബ്രേവ്ഹാർട്ട്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി, ബി.എസ്.എഫ് ജവാന്മാരുടെ ധീരതക്കും ആത്മസമർപ്പണത്തിനുമുള്ള ആദരമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. അട്ടാരി ബോർഡറിലെ ജെ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡ് ചടങ്ങിനോട് അനുബന്ധിച്ച് വൈകുന്നേരം 4.30 മുതൽ 5.30 വരെയാണ് പരിപാടി നടക്കുക.
എആർ റഹ്മാന് പുറമെ സംവിധായകൻ ഇംതിയാസ് അലി, നടൻ വേദാങ് റെയ്‌ന, ഗായകരായ മോഹിത് ചൗഹാൻ, പൂജ തിവാരി, നർഗിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന മെയ്ൻ വാപ്പസ് ആവൂങ്ക എന്ന ചിത്രത്തിലെ പ്രധാന ഗാനമായ ജയ് ഹോ ആണ് അതിർത്തിയിൽ അവതരിപ്പിക്കുന്നത്. ഇർഷാദ് കാമിൽ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശർവാരി വാഘ്, വേദാങ് നാരംഗ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നസീറുദ്ദീൻ ഷായും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഈ റൊമാന്റിക് ഡ്രാമ ജൂൺ 12 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
പഞ്ചാബ് സംസ്ഥാനത്തെ അമൃത്സർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ- പാക് അതിർത്തി പ്രദേശമാണ് അട്ടാരി. പാകിസ്ഥാനിലെ വാഗ എന്ന ഗ്രാമത്തിന് തൊട്ടടുത്തായതിനാലാണ് ഇത് അട്ടാരി-വാഗ ബോർഡർ എന്ന് അറിയപ്പെടുന്നത്. വിഭജനകാലത്ത് ഇരു രാജ്യങ്ങളെയും വേർതിരിച്ച റാഡ്ക്ലിഫ് രേഖ ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.