മൂന്നുമാസം നീണ്ട നിരീക്ഷണം: ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തു; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ ന്യൂഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം. പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് രഹസ്യാന്വേഷണ വിഭാഗം തകർത്തത്. ഐ.എസ്‌.ഐ ബന്ധമുള്ള പരിശീലനം ലഭിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പൊളിഞ്ഞത്.

മൂന്നു മാസത്തെ നിരന്തര അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. ഇന്ത്യ പുറത്താക്കിയ പാകിസ്താൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മൽഹോത്ര അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മിൽ എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐ.എസ്‌.ഐ ചാരൻ ചില പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹിയിലെത്തും എന്നായിരുന്നു വിവരം. എന്നാൽ രഹസ്വാന്വേഷണ വിഭാഗം ഫെബ്രുവരി വരെ കാത്തിരുന്നു. ഫെബ്രുവരി 15ന് ഇയാൾ ഡൽഹിയിലെത്തുകയും വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തു.

ഇയാൾ തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. പാക് ചാരന്മാർക്കെതിരെ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷനായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം അധികൃതർ പിന്നീട് പ്രതികരിച്ചിരുന്നു. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

Tags:    
News Summary - Three-month surveillance: Terror attack plan foiled in Delhi; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.