പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടവുമായി ഡി.ആർ.ഡി.ഒ; 24 മണിക്കൂറിനിടെ വിജയകരമായി പൂർത്തിയാക്കിയത് മൂന്ന് മിസൈൽ പരീക്ഷണങ്ങൾ

ന്യൂഡൽഹി: 2026 ജൂൺ 10, 11 തിയ്യതികളിലായി 24 മണിക്കൂറിനിടെ മൂന്ന് നൂതന മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ ദൗത്യം.

പ്രതിരോധ മേഖലയിലെ ചരിത്ര നേട്ടമായി മാറിയിരിക്കുകയാണ് ഡി.ആർ.ഡി.ഒയുടെ പരീക്ഷണം. പരീക്ഷണങ്ങളിൽ രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്‍റർസെപ്റ്റർ മിസൈലുകളും പുതിയ നാവിക ആന്‍റി ഷിപ്പ് മിസൈൽ മീഡിയം റേഞ്ച് എന്നിവയാണ് ഉൾപ്പെട്ടത്.

ഡി.ആർ.ഡി.ഒ പരീക്ഷിച്ച ഇന്‍റർസെപ്റ്റർ മിസൈലുകൾക്ക് 2000 കിലോമീറ്ററിനും 5000 കിലോമിറ്ററിനും ഇടയിൽ ദൂരപരിധിയുള്ള ശത്രു മിസൈലുകളെ തകർക്കാൻ കഴിവുണ്ട്. ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള മൾട്ടി ലെയർ പ്രതിരോധ സംവിധാനമാണ് പരീക്ഷിക്കപ്പെട്ടത്. നാവിക സേനയുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ പരീക്ഷണം നടത്തിയത്. സമുദ്രോപരിതലത്തിലുള്ള ആക്രമണങ്ങളെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.

24 മണിക്കൂറിനുള്ളിൽ മൂന്ന് പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ ഡി.ആർ.ഡി.ഒ യെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകളുള്ള, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ പോലും തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Three missile tests in 24 hours; DRDO creates history, Defence Minister congratulates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.