കരിമ്പുപാടത്ത്​ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങൾ Picture Courtesy: wildlifesos.org

കരിമ്പുപാടത്തെ പുലിക്കുഞ്ഞുങ്ങളെ തള്ളപ്പുലിക്കൊപ്പം ചേർത്ത കരുതലുമായി വനംവകുപ്പ്​; വൈറലായി ദൃശ്യങ്ങൾ

മുംബൈ: കരിമ്പുപാടത്ത്​ കണ്ടെത്തിയ മൂന്നു പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി അവയുടെ തള്ളക്കൊപ്പം ചേർത്ത്​ വനംവകുപ്പിന്‍റെയും സന്നദ്ധ സംഘടനയുടെയും 'കരുതൽ'. സന്നദ്ധ സംഘടനയായ വൈൽഡ്​ലൈഫ്​ എസ്​.ഒ.എസും മഹാരാഷ്​ട്ര വനംവകുപ്പും ചേർന്നാണ്​ ഏറെ സ്​നേഹഭരിതമായ കൂടിച്ചേരലിന്​ വഴിയൊരുക്കിയത്​.

മഹാരാഷ്​ട്രയിലെ ജുനാർ ജില്ലയിലുള്ള വടഗാവ്​ കണ്ഡാലി ഗ്രാമത്തിൽ കരിമ്പു​പാടത്ത്​ ജോലി ചെയ്യുന്നവരാണ്​ മൂന്നു പുലിക്കുഞ്ഞുങ്ങളെ കണ്ടത്​. കരിമ്പുവെട്ടുന്ന കർഷകരിൽ ഒരാൾ പാടത്തുനിന്ന്​ വേറിട്ട കരച്ചിൽ കേട്ടതിനെ തുടർന്ന്​ നോക്കിയപ്പോഴാണ്​ അവയെ കണ്ടത്​. കർഷകർ ഫോറസ്റ്റ്​ ഡിപാർട്​മെന്‍റിനെ വിവരമറിയിച്ചതിനെ തുടർന്ന്​ വൈൽഡ്​ലൈഫ്​ എസ്​.ഒ.എസ്​ തങ്ങളുടെ ലെപേഡ്​ റെസ്​ക്യൂ സെന്‍ററിൽനിന്ന്​ പുലിക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ അംഗങ്ങളെ അയച്ചു. വെറ്ററിനറി ഡോക്​ടർമാർ ഉൾപെട്ട സംഘം പാടത്തെത്തി കുഞ്ഞുങ്ങളെ പരിശോധിച്ചു. എട്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾ പൂർണ ആരോഗ്യമുള്ളവയായിരുന്നു. പുലിക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ആണും ഒന്ന്​ പെണ്ണുമായിരുന്നു.



ആരോഗ്യമുള്ള കുഞ്ഞുങ്ങളെ എത്രയും പെ​ട്ടെന്ന്​ തള്ളപ്പുലിക്കൊപ്പം ചേർക്കുകയെന്നതായിരുന്നു വൈൽഡ്​ലൈഫ്​ എസ്​.ഒ.എസ് ടീമിന്‍റെ ഉന്നം. തുടർന്ന്​ മൂന്നു കുഞ്ഞുങ്ങളെയും ഒരു പെട്ടിയിൽ സുരക്ഷിതമായി ഇറക്കി പാടത്ത്​ അവയെ കണ്ടുകിട്ടിയ സ്​ഥലത്ത്​ കൊണ്ടുവെച്ചു. കുഞ്ഞുങ്ങളെ കാണാതെ പരിഭ്രാന്തയായ തള്ളപ്പുലി അവയെ തേടിയെത്തുമെന്ന്​ എസ്​.ഒ.എസ് പ്രവർത്തകർക്ക്​ ഉറപ്പായിരുന്നു.


Full View


കുഞ്ഞുങ്ങളെ ഇറക്കിയ പെട്ടിക്കരികിലു​ം പരിസരത്തുമായി കാമറകളും സജ്ജീകരിച്ചു. തള്ളപ്പുലിയു​മായുള്ള കുഞ്ഞുങ്ങളുടെ കൂടിച്ചേരൽ ചിത്രീകരിക്കുന്നതിനായിരുന്നു അത്​. അരമണിക്കൂറിനകം കുഞ്ഞുങ്ങളെത്തേടി തള്ളപ്പുലി സ്​ഥലത്തെത്തി. പരിസരം ജാഗ്രതയോടെ വീക്ഷിച്ചശേഷം അത്​ കുഞ്ഞുങ്ങളെ ഇറക്കിവെച്ച പെട്ടി മറിച്ചിട്ടു. അതോടെ മൂന്നു കുഞ്ഞുങ്ങളും സന്തോഷത്തോടെ അമ്മയുടെ സ്​നേഹവലയത്തി​ലക്ക്​. പിന്നീട്​ തള്ളപ്പുലി ഓരോ കുഞ്ഞുങ്ങളെയായി കഴുത്തിന്​ കടിച്ചുപിടിച്ച്​ സുരക്ഷിത സ്​ഥലത്തേക്ക്​ നീക്കി. 

Tags:    
News Summary - THREE LEOPARD CUBS REUNITED WITH THEIR MOTHER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.