കൊൽക്കത്ത: കൊൽക്കത്ത ഉൾപ്പെടെ ആറ് മെട്രോ നഗരങ്ങളിൽ തോട്ടിപ്പണിയും കൈകൊണ്ട് മലിനജലം വൃത്തിയാക്കലും സുപ്രീംകോടതി നിരോധിച്ച് നാല് ദിവസത്തിനുശേഷം കൊൽക്കത്ത ലെതർ നിർമാണ കോംപ്ലക്സിലെ ഭൂഗർഭ അഴുക്കുചാലിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.
ദുരന്ത നിവാരണ ഗ്രൂപ്പിലെയും അഗ്നിശമന സേനയിലെയും തൊഴിലാളികൾ നാലു മണിക്കൂർ നടത്തിയ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.
നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ബന്താലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സമുച്ചയത്തിലെ അടഞ്ഞുകിടക്കുന്ന ഭൂഗർഭ അഴുക്കുചാലുകൾ വൃത്തിയാക്കാൻ ഒരു കരാറുകാരൻ തൊഴിലാളികളെ ഏൽപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തൊഴിലാളികളെ ഇറക്കും മുമ്പ് ഓക്സിജൻ കലർന്ന വായു അഴുക്കുചാലിലേക്ക് പമ്പ് ചെയ്തിരുന്നില്ല.
എന്നാൽ, മൂവരും അഴുക്കുചാലുകൾ വൃത്തിയാക്കുകയല്ല മെച്ചപ്പെട്ട മലിനജല സംവിധാനത്തിനായി പുതിയ മാൻഹോൾ നിർമിക്കുകയായിരുന്നുവെന്ന് തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാരനെ ഏർപ്പാടാക്കിയ കൊൽക്കത്ത മുനിസിപ്പൽ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എം.ഡി.എ)യിലെ ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
തുകൽ ചുരണ്ടൽ മൂലം പതിവായി അടഞ്ഞുകിടക്കുന്ന മിക്ക അഴുക്കുചാലുകളും വർഷങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്ന് കെ.എം.ഡി.എയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സമുച്ചയത്തിലെ ദൈനംദിന തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു.
മുർഷിദാബാദിലെ ലാൽഗോളയിൽ നിന്നുള്ള ഹസീബുർ റഹ്മാൻ (26), ഫർജെൻ സെയ്ഖ് (60), നോർത്ത് 24പർഗാനാസിലെ നജാത്തിൽ നിന്നുള്ള സുമൻ സർദാർ (30) എന്നിവരെയാണ് മരിച്ചത്. വിഷവാതകങ്ങളാൽ ശ്വാസംമുട്ടിയായിരിക്കാം ഇവരുടെ മരണമെന്ന് പൊലീസ് പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനും അന്വേഷണം നടത്തുമെന്ന് മേയറും നഗരവികസന മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു.
ലേബർ കോൺട്രാക്ടറോ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലെതർ കോംപ്ലക്‌സിൽ ഒരു ദശാബ്ദത്തിനിടെ രണ്ടാമത്തെ ദുരന്തമാണിത്. 2015 ൽ തുകൽ സംസ്‌കരണ യൂനിറ്റുകളിലൊന്നിലെ കവിഞ്ഞൊഴുകുന്ന കുഴി വൃത്തിയാക്കുന്നതിനിടെ വിഷപ്പുകയിൽ മൂന്ന് പേർ മരിച്ചിരുന്നു.
1993ൽ ഡ്രൈ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോഗിക്കുന്നത് കേന്ദ്രം നിരോധിച്ചു. 2013ൽ അഴുക്കുചാലുകൾ, കിടങ്ങുകൾ, കുഴികൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ വൃത്തിയാക്കുന്നതിലും ശാരീരിക അധ്വാനം നിരോധിക്കാൻ നിയമം ഭേദഗതി ചെയ്തു.
ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൽക്കട്ട എന്നീ മെട്രോപൊളിറ്റൻ നഗരങ്ങളിൽ കൈകൊണ്ട് അഴുക്കുചാലുകൾ വൃത്തിയാക്കുന്നതും മാലിന്യം തള്ളുന്നതും നിരോധിച്ചുകൊണ്ട് ജനുവരി 29ന് സുപ്രീംകോടതി ഉത്തരവിട്ടു.
ആറ് മെട്രോകളിലെ മുനിസിപ്പൽ കമീഷണർമാരോട് ഫെബ്രുവരി 13നകം സത്യവാങ്മൂലം സമർപിക്കാൻ ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദേശിച്ചു. ഫെബ്രുവരി 19നാണ് അടുത്ത വാദം കേൾക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.