ഭോപ്പാൽ: ഭോപ്പാലിൽ പശുവിനെ കൊന്ന കുറ്റത്തിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളുടെ വീട് പൊലീസ് അനധികൃത നിർമാണം എന്ന പേരിൽ ഇടിച്ചുനിരത്തുകയും ചെയ്തു. ഇവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തുമെന്നും പൊലീസ് പറഞ്ഞു.
മധ്യപ്രദേശ് തലസ്ഥാനത്തെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരാസ് നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തം പുരണ്ട മൂർച്ചയേറിയ ആയുധവുമായി മൂന്ന് പേരെ കണ്ടതായി ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അരുൺ ശർമ്മ അറിയിച്ചു. കശാപ്പ് ചെയ്ത പശുവിന്റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
പൊലീസ് സംഘത്തെ കണ്ടതിനെ തുടർന്ന് മൂവരും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. എന്നാൽ പൊലീസ് ഇവരെ പിടികൂടുകയും ചോദ്യം ചെയ്യലിൽ പശുവിനെ കൊന്നതായി സമ്മതിച്ചതായും ശർമ്മ പറഞ്ഞു. ഇമ്രാൻ (30), ഇർഷാദ് (28), ജാവേദ് (30) എന്നീ മൂന്നുപേരെയാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്താനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരിൽ ഒരാളായ ഇർഷാദിന്റെ വീടാണ് പ്രാദേശിക ഭരണകൂടം പൂർണമായും തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.