ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം ഗുവാഹത്തി വിമാനത്താവളത്തിൽനിന്ന് പൊതുദർശനത്തിനായി കൊണ്ടുപോകുമ്പോൾ
തടിച്ചുകൂടിയ ആരാധകർ
ഗുവാഹതി: ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തി, അപകടത്തിൽ മരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം സ്വദേശമായ ഗുവാഹതിയിലെത്തിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ പേടകം ഭോഗേശ്വർ ബറുവ സ്റ്റേഡിയത്തിൽ കൊണ്ടുവന്നയുടൻ പ്രദേശത്ത് മഴ പെയ്തത് ആകാശത്തിന്റെ കണ്ണീർപ്പെയ്ത്തുപോലെയായി. മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന ഗാർഗിന്റെ ഭാര്യയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഗരിമ, അവരുടെ സ്നേഹം ചൊരിഞ്ഞതിന് ആരാധകരോട് നന്ദി പറഞ്ഞു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം.
ഞായറാഴ്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. തിങ്കളാഴ്ചവരെ സുബീന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി ഭോഗേശ്വർ ബറുവ സ്റ്റേഡിയം ഞായറാഴ്ച രാത്രി മുഴുവൻ തുറന്നിരിക്കും. തിങ്കളാഴ്ചയും ആദരാഞ്ജലി അർപ്പിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.