ന്യൂയോർക്: പാകിസ്താനിൽ സുഖമായിരുന്ന് ഇന്ത്യൻ പൗരന്മാരെ കൊന്നൊടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ശശി തരൂർ. അങ്ങനെ ചെയ്യുന്നവർ അതിന് വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ തിരഞ്ഞെടുത്ത പ്രമുഖരുമായും പ്രമുഖ മാധ്യമങ്ങളിലെയും തിങ്ക് ടാങ്ക് അംഗങ്ങളുമായുമുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു തരൂർ.
ഓപറേഷൻ ‘സിന്ദൂർ’ സംബന്ധിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാൻ എത്തിയതായിരുന്നു തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം. അതിർത്തികടന്നെത്തി ഇന്ത്യക്കാരെ കൊന്നിട്ട് വെറുതെ പോകാൻ ആരെയും അനുവദിക്കില്ലെന്നതാണ് പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള പുതിയ രീതി. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളാണ് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യംവെച്ചത്. തീവ്രവാദികൾക്ക് കൃത്യമായ സന്ദേശമാണ് നൽകിയത്.
രാജ്യത്തിന്റെ പുരോഗതിയിലും സാങ്കേതിക വളർച്ചയിലുമാണ് ഞങ്ങളുടെ ശ്രദ്ധ. ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റുന്നതിലും അവരെ 21ാം നൂറ്റാണ്ടിന്റെ അവസരങ്ങളിലേക്ക് കൈപിടിച്ചുയർത്താനുമാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. ഇന്ത്യ നിരന്തരം എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഭീകരരെ ശിക്ഷിക്കാനോ അവരുടെ താവളങ്ങൾ ഇല്ലാതാക്കാനോ പാകിസ്താൻ ചെറുവിരലനക്കിയില്ല. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട്. ആ അവകാശം രാജ്യം വിനിയോഗിച്ചു -തരൂർ പറഞ്ഞു. നേരത്തേ, 9/11 സ്മാരകം സന്ദർശിച്ച പ്രതിനിധിസംഘം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
തരൂർ നയിക്കുന്ന സംഘത്തിൽ സർഫറാസ് അഹ്മദ് (ജെ.എം.എം), ഗന്തി ഹരീഷ് മധുർ ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി), ഭുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബി.ജെ.പി) എന്നിവരാണുള്ളത്. ഞായറാഴ്ച അമേരിക്കയിൽനിന്ന് പ്രതിനിധിസംഘം ഗയാനയിലേക്ക് തിരിച്ചു.
പനാമ, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങളും സംഘം സന്ദർശിക്കും. ജൂൺ മൂന്നിന് യു.എസിലേക്ക് മടങ്ങും. കനിെമാഴിയുടെ നേതൃത്വത്തിൽ റഷ്യ സന്ദർശിക്കുന്ന പ്രതിനിധിസംഘം ഓപറേഷൻ സിന്ദൂർ സംബന്ധിച്ച് റഷ്യൻ നേതൃത്വത്തോട് വിശദീകരിച്ചു. ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലും പ്രതിനിധി സംഘമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.