അടുത്തിരുന്നിട്ടും തമ്മില്‍ മിണ്ടാതെ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും

ന്യൂഡല്‍ഹി: ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും സര്‍ക്കാറും തമ്മിലുള്ള ഭിന്നത ഡല്‍ഹി ഹൈകോടതിയുടെ 50ാം വാര്‍ഷിക പരിപാടിയിലും പ്രതിഫലിച്ചു. രണ്ടു മണിക്കൂറോളം അടുത്ത കസേരകളിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ഒരിക്കല്‍പോലും പരസ്പരം മിണ്ടിയില്ല.

തമ്മില്‍ പോരടിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങുംകൂടി ചേര്‍ന്നതോടെ വാര്‍ഷിക പരിപാടി ഭിന്നചേരിയില്‍ നിന്ന് ഏറ്റുമുട്ടുന്നവരുടെ സംഗമമായി മാറി.

ജഡ്ജി നിയമനം നടത്താത്തതിന് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെ സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടി വരുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് ഠാകുര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിറകെയായിരുന്നു തിങ്കളാഴ്ച ഡല്‍ഹി ഹൈകോടതി വാര്‍ഷിക സമാപനം.

രാവിലെ 11 മണിക്ക് പരിപാടിക്ക് ഒരുമിച്ചത്തെിയ അധ്യക്ഷന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറയും വിശിഷ്ടാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇരിപ്പിടങ്ങള്‍ അടുത്തായിരുന്നു. പ്രസംഗിക്കുമ്പോള്‍ ഇരുവരും പരസ്പരം ശ്രദ്ധിച്ചതല്ലാതെ തമ്മില്‍ ചിരിക്കാനോ സംസാരിക്കാനോ തയാറായില്ല.  

ആദ്യമായി പ്രസംഗിച്ച കെജ്രിവാള്‍ ജഡ്ജിമാരുടെ ഫോണ്‍ചോര്‍ത്തല്‍ ബോംബ് പൊട്ടിച്ചത് ചടങ്ങിന്‍െറ  പിരിമുറുക്കും കൂട്ടുകയും മോദി പൂര്‍വാധികം ഗൗരവത്തിലാകുകയും ചെയ്തു. തുടര്‍ന്ന് തനിക്ക് കോടതി കയറാനുള്ള ഭാഗ്യം കിട്ടിയിട്ടില്ളെന്ന് പറഞ്ഞ് നേര്‍ക്കുനേരെയല്ലാതെ കെജ്രിവാളിനെ പരിഹസിച്ച മോദി, ഉന്നയിച്ച പ്രധാന വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല.

ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വിസില്‍ പരിഷ്കരണത്തിന് സംവാദം ഉയര്‍ന്നുവരണമെന്ന പുതിയ വിഷയമാണ് മോദി ഉയര്‍ത്തിയത്.
കോടതികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ജുഡീഷ്യറിയെ പിന്തുണച്ചതിന് കെജ്രിവാളിനെ പേരെടുത്ത് അഭിനന്ദിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ ആശങ്കതന്നെയാണെന്ന് അടിവരയിടുകയും ചെയ്തു.

നീതി ലഭ്യമാക്കുന്നതിന് സാമ്പത്തിക പരാധീനത തടസ്സമാകരുത് –ചീഫ് ജസ്റ്റിസ്

 സാമ്പത്തിക പരാധീനത ജനത്തിന് നീതി ലഭ്യമാക്കുന്നതിന് തടസ്സമാകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. നീതി ലഭിക്കുക എന്നത് ഒരു യാഥാര്‍ഥ്യമായിരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. കേസുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ നീതി യാഥാര്‍ഥ്യമാകില്ല. ഡല്‍ഹി ഹൈകോടതി 50ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ നീതിന്യായ സംവിധാനത്തിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാര്‍ ആത്മപരിശോധനക്ക് തയാറാകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സംശയത്തിന് ഇടനല്‍കുന്ന യാതൊന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മുന്നിലുള്ള ലക്ഷ്യം വളരെ വലുതാണ്. അതിനാല്‍, പുനരര്‍പ്പണത്തിന് ജഡ്ജിമാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - thkur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.