പ്രതീകാത്മക ചിത്രം
അലഹബാദ്: ഒരു ഹരജി പരിഗണിക്കുന്നതിനിടെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഫയൽ എടുത്ത ഉടൻ പേജുകൾ മറിക്കാൻ ഉപയോഗിക്കുന്ന മുറുക്കാന്റെ ചുവന്നപാടുകൾ കോടതി കാണുകയായിരുന്നു. ചില രജിസ്ട്രി ജീവനക്കാർ ഉമിനീർ ഉപയോഗിച്ച് കോടതി ഫയലുകളുടെ പേജുകൾ മറിക്കുന്ന രീതി - പ്രത്യേകിച്ച് പാൻ (മുറുക്കാൻ) അല്ലെങ്കിൽ പാൻ മസാല ചവക്കുമ്പോൾ - "അങ്ങേയറ്റം വൃത്തിഹീനമായ" രീതിയെക്കുറിച്ച് അലഹബാദ് ഹൈകോടതി ഗുരുതര ആശങ്ക പ്രകടിപ്പിച്ചു.
ലഖ്‌നോ ബെഞ്ചിലെ ജസ്റ്റിസ് ശ്രീപ്രകാശ് സിങ് സെപ്റ്റംബർ 22 ന് പരിഗണിച്ച കേസ് ഫയലിലും കോടതി രജിസ്ട്രികളും പാൻ മസാല ചവച്ചശേഷം ഉമിനീർ ഉപയോഗിച്ച് പേജ് മറിച്ചതിന്റെ അടയാളം കാണുകയും മേലിൽ ഇത്തരത്തിലുള്ള ചുവന്നകറയുള്ള ഫയലുകൾ സ്വീകരിക്കരുതെന്നും ഉത്തരവിറക്കുകയായിരുന്നു. ഇത്തരം ചുവന്ന കറകൾ പകർച്ചവ്യാധികൾ പരത്തുമെന്നും പറഞ്ഞു. ഫയൽ കോടതി ഏറ്റെടുത്തയുടൻ, പേജുകൾ മറിക്കാൻ ഉപയോഗിച്ച ചുവന്ന ഉമിനീർ അടയാളങ്ങൾ ഉടൻ ശ്രദ്ധിച്ചിരുന്നു.
ഒരു അഭിഭാഷകന്റെ ക്ലർക്ക്, രജിസ്ട്രി ഉദ്യോഗസ്ഥർ, അല്ലെങ്കിൽ സർക്കാർ അഭിഭാഷകന്റെയോ ചീഫ് സ്റ്റാൻഡിങ് കൗൺസിലിന്റെയോ ഓഫിസുകളിലെ രേഖകൾ തയാറാക്കുമ്പോൾ ഈ വെറുപ്പുളവാക്കുന്നതും അരോചകവുമായ രീതി സംഭവിക്കാമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.ഇത് അങ്ങേയറ്റം വൃത്തിഹീനമായ ഒരു സാഹചര്യമാണെന്നും ഇത് വെറുപ്പുളവാക്കുന്നതും അപലപനീയവുമാണെന്നും മാത്രമല്ല, അടിസ്ഥാന പൗരബോധത്തിന്റെ അഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നെന്നും കോടതി പറഞ്ഞു. ഈ ‘വൃത്തികെട്ട പ്രവൃത്തി’ അവസാനിപ്പിച്ചില്ലെങ്കിൽ, ഈ രേഖകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് അണുബാധയുണ്ടാകുമെന്ന് ബെഞ്ച് ഊന്നിപ്പറഞ്ഞു.
എല്ലാ പേപ്പറുകളും, ഹരജികളും, അപേക്ഷകളും ശ്രദ്ധാപൂർവം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സീനിയർ രജിസ്ട്രാറോടും, രജിസ്ട്രി ഓഫിസർ-ഇൻ-ചാർജിനോടും ബെഞ്ച് നിർദേശിച്ചു. ഏതെങ്കിലും തരത്തിലുള്ള പാൻ കറകളുള്ള രേഖകൾ പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.പബ്ലിക് പ്രോസിക്യൂട്ടറുടെയും ചീഫ് സ്റ്റാൻഡിങ് കൗൺസലിന്റെയും ഓഫിസുകൾക്കും കോടതി സമാന നിർദേശം നൽകുകയും ഉദ്യോഗസ്ഥർ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.