പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡൽഹി: ജി.എസ്.ടി സേവിങ്സ് ഉത്സവത്തിന് നാളെ തുടക്കമാകുമെന്നും പുതിയ ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യവർഗം, യുവാക്കൾ, കർഷകർ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനപ്പെടും രാജ്യത്തിന്‍റെ വളർച്ചക്ക് ഊർജം നൽകുന്ന മാറ്റങ്ങളാണ് തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നത്. ഈ പരിഷ്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന പലവിധ നികുതികൾ ഏകീകരിക്കാൻ ജി.എസ്.ടിക്ക് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ആരംഭിച്ചത്.
“നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജി.എസ്.ടി നിരക്കുകൾ പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജി.എസ്.ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഇത്. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽനിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും.
പല തരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം എന്ന നികുതിയിലെത്തും. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്.
നാളെ മുതൽ അഞ്ച്, 18 ശതമാനം നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും നമ്മുടെ രാജ്യത്തെ വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒക്ട്രോയ്, പ്രവേശന നികുതി, വിൽപ്പന നികുതി, എക്‌സൈസ്, വാറ്റ്, സേവന നികുതി എന്നിങ്ങനെ ഡസൻ കണക്കിന് നികുതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു. അവയെല്ലാം ജി.എസ്.ടിയിൽ ലയിപ്പിക്കാനായത് വലിയ കാര്യമാണ്” -പ്രധാനമന്ത്രി പറഞ്ഞു.
ഏഴുവര്‍ഷം മുമ്പ് നിലവില്‍വന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് തിങ്കളാഴ്ച നടപ്പാകുന്നത്. നിലവിലെ നാല് സ്ലാബുകൾ ഇനി രണ്ടായി ചുരുങ്ങും. ഉൽപന്നങ്ങളെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളില്‍ ഒതുക്കി. 12, 28 സ്ലാബുകള്‍ ഒഴിവാക്കി. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉൽപന്നങ്ങളും അഞ്ച് ശതമാനത്തിലാവും. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനം ഉൽപന്നങ്ങളും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.
വ്യാപാരികളും സേവനദാതാക്കളും പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇൻവോയ്സുകൾ സെപ്റ്റംബർ 22 മുതൽ നൽകുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിങ് സോഫ്റ്റ്വെയർ സംവിധാനത്തിൽ വരുത്തണമെന്നാണ് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നിർദേശം. നികുതിയിൽ മാറ്റമുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടെങ്കിൽ സെപ്റ്റംബർ 21ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തണം. നികുതി കുറവിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായ സ്റ്റോക്കിന്റെ ഇൻപുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപാരികൾ സ്വീകരിക്കണമെന്നും നിഷ്കർഷിക്കുന്നു.
സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല, ലോട്ടറി എന്നിവയുടെ നികുതി 40 ശതമാനമായി ഉയർത്താൻ കൗൺസിൽ തീരുമാനിച്ചുവെങ്കിലും ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരില്ല. ഇക്കാര്യത്തിൽ പിന്നീട് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് നിലവിലെ സ്ഥിതി തുടരാം. നേരത്തെ വില്പനക്കെത്തിയ ഉല്പന്നങ്ങള് റീ ലേബലിങ് ചെയ്യുന്നതിനുള്ള സമയം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയത് വ്യാപാരികൾക്ക് ആശ്വാസമാണ്. നിരക്കിളവ് പത്രത്തില്‍ പരസ്യം ചെയ്യണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.