‘നിങ്ങൾക്ക് എത്രമാത്രം ഹൃദയശൂന്യനാകാൻ കഴിയും?ബി.എൽ.ഒമാരുടെ ആത്മഹത്യാക്കുറിപ്പുകളാണിത്’; തെരഞ്ഞെടുപ്പ് കമീഷനോട് ഡെറിക് ഒബ്രിയൻ

കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിൽ തെരഞ്ഞെുടപ്പ് കമീഷനുമായുള്ള പ്രക്ഷുബ്ധമായ കൂടിക്കാഴ്ചക്കുശേഷവും തൃണമൂൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധവും സമ്മർദവും തുടരുന്നു.  പാർട്ടി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ നവംബർ 22 ന് നാദിയയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബി.എൽ.ഒ റിങ്കു തരാഫ്ദാറിന്റെ ‘ആത്മഹത്യ ക്കുറിപ്പ്’ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് തൃണമൂൽ എം.പിമാർ പ്രതിഷേധിച്ചു. തൃണമൂൽ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയൻ, ജയ്നഗർ എം.പി പ്രതിമ മൊണ്ടാൽ, സജ്ദ അഹമ്മദ്, സാകേത് ഗോഖലെ എന്നിവർ അഞ്ച് ചോദ്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി ഇവക്ക് ഇ.സി മറുപടി നൽകിയില്ലെന്ന് ആരോപിച്ചു.

‘ഇന്നലെ ഇ.സി ഞങ്ങളോട് പറഞ്ഞു നിങ്ങൾ എന്തിനാണ് വിഷമിക്കുന്നതെന്ന്? ഡിസംബർ 9 വരെ കാത്തിരിക്കുക. അതിനുശേഷം പട്ടിക ശരിയാക്കാൻ നിങ്ങൾക്ക് രണ്ട് മാസം ലഭിക്കും. നിങ്ങൾക്ക് എത്രമാത്രം ഹൃദയശൂന്യനാകാൻ കഴിയും?... ബി.എൽ.ഒമാരുടെ ആത്മഹത്യാക്കുറിപ്പുകളാണിത്. ആരാണ് അവർക്കുമേൽ സമ്മർദ്ദം ചെലുത്തുന്നത്? ഇ.സി.യാണ്’ -ഡെറിക് ഒബ്രിയൻ പറഞ്ഞു.

അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധി സംഘം കഥകൾ കെട്ടിച്ചമച്ചതാണെന്ന് നിങ്ങൾ ആരോപിക്കുകയാണെങ്കിൽ അത് പുറത്തുവിടൂക. ഇ.സിക്ക് യഥാർത്ഥത്തിൽ ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ, സുതാര്യതയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ യോഗത്തിന്റെ ട്രാൻസ്ക്രിപ്റ്റ് പുറത്തുവിടൂ എന്നും ഒബ്രിയൻ വെല്ലുവിളിച്ചു. 

ബി.എൽ.ഒ മരണങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് പാനൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ബി.എൽ.ഒമാർ ഒരേസമയം, ഫയൽ ചെയ്യുന്ന എണ്ണൽ ഫോമുകൾ പ്രോസസ്സ് ചെയ്യേണ്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും ചുമതല വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിൽ മാത്രം കുറഞ്ഞത് നാല് ബി.എൽ.ഒമാരെങ്കിലും ആത്മഹത്യയിലൂടെ  മരിച്ചുവെന്ന് ഒബ്രിയൻ അവകാശപ്പെട്ടു.  തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ ബി‌.എൽ.‌ഒ മരണം വീതം ആത്മഹത്യയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും ചില ബി‌.എൽ.‌ഒമാർ ജോലി നിർത്തിവെച്ചു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതിൽ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ബംഗാളിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായ റിത്വിക് ഘട്ടക് നിർമിച്ച ‘മേഘേ ധാക്ക താരയിലെ പ്രധാന കഥാപാത്രമായ നിത, സഹോദരന്റെ കൈകളിൽ ക്ഷയരോഗം ബാധിച്ച് മരിക്കുന്നു. അവർ അദ്ദേഹത്തോട് അവസാനമായി പറഞ്ഞത്, ‘ജ്യേഷ്ഠാ, എനിക്ക് ജീവിക്കണം’ എന്നായിരുന്നു. ആത്മഹത്യ ചെ​േയണ്ടി വന്ന റിങ്കുവിന്റെ വികാരങ്ങളും അതുതന്നെയായിരുന്നു. ‘കുടുംബത്തോടൊപ്പം സന്തോഷത്തോടെ എനിക്ക് ജീവിക്കണം. പക്ഷേ, ഇ.സിയുടെ സമ്മർദം കാരണം ഞാൻ എന്റെ ജീവൻ സ്വയം ഒടുക്കുകയാണ്’ എന്ന് എഴുതിവെച്ച് അവർ മരിച്ചുവെന്ന് പ്രതിമ മൊണ്ടാൽ എം.പി പ്രതികരിച്ചു. 

ബി.എൽ.ഒമാരെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് തൃണമൂൽ എം.പിമാരോട് തെരഞ്ഞെടുപ്പ് പാനൽ നിർദേശിച്ചതായി കഴിഞ്ഞ ദിവസം ഇ.സി വക്താവ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് നേതാക്കൾ നൽകിയത്. 

Tags:    
News Summary - How heartless can you be?... These are the suicide notes from the BLOs; Derek O'Brien tells the Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.