ഡി​.കെ. ശിവകുമാർ

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോൺഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസർക്കാറിന്റേത് ധാർമിക മൂല്യത്തകർച്ചയെന്നും ഡി.കെ.ശിവകുമാർ

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി  അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഒക്ടോബർ മൂന്നിന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ ആരോപണം. രാഹുലും സോണിയയുമുൾപ്പെടെ ആറ് പേർക്കെതിരെയാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡൽഹി റോസ് അവന്യൂ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്‌‌തത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എ.ജെ.എൽ) ഏറ്റെടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരാതിയെ അടിസ്ഥാനമാക്കി ഒക്ടോബർ മൂന്നിന് സമർപ്പിച്ച എഫ്‌.ഐ.ആറിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസിന്റെ റിവിഷൻ ഹരജി പരിഗണിച്ച സെഷൻ ജഡ്‌ജ് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

സാം പിട്രോഡ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി, നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എ.ജെ.എൽ), എ.ജെ.എല്ലിനെ ഏറ്റെടുത്ത സോണിയയ്‌ക്കും രാഹുലിനും ഓഹരി പങ്കാളിത്തമുള്ള യംഗ് ഇന്ത്യൻ, യംഗ് ഇന്ത്യന് പണം നൽകിയ കൊൽക്കത്തയിലെ ഡോട്ടെക്‌സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

661 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 90.2 കോടി രൂപയുടെ എ.ജെ.എൽ ഓഹരികളും ഇതുവരെ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. യംഗ് ഇന്ത്യന് സംഭാവന നൽകിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കേസിന്റെ ഭാഗമാണ്.

Tags:    
News Summary - There is a limit to harming, efforts to suppress Congress are futile, says D.K. Shivakumar, calling the central governments moral decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.