തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി

ചെന്നൈ: കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാ പരീക്ഷണം  ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരീക്ഷണത്തിനെതിരെ പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചി​​െൻറ ഉത്തരവ്​. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ​ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നുമായിരുന്നു പരിസ്ഥിതി സംഘടന ട്രെബ്യൂണൽ മുമ്പാകെ വാദിച്ചത്​. 

2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും 66 ഏക്കര്‍ ഭൂമിയാണ്​ തമിഴ്നാട് സര്‍ക്കാര്‍ വിട്ടുനൽകിയത്​. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം.

50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്. ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങള്‍ അന്തിമമായി കൂട്ടിയോജിപ്പിക്കുന്നത് മധുരയിലെ പരീക്ഷണശാലയിലായിരിക്കും. മധുര കാമരാജ് സര്‍വകലാശാലയ്ക്കടുത്തായി 33 ഏക്കറിലാണ് ഈ പരീക്ഷണശാല വരിക. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാവുമെന്ന് കരുതുന്ന കണികാ ഗവേഷണശാലയ്ക്ക് മൊത്തം 1,500 കോടി രൂപയുടെ മുതല്‍മുടക്ക് പ്രതീക്ഷിച്ചിരുന്നത്.

ആണവോര്‍ജവകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പുമാണ് ഈ സംരംഭത്തിന് മുഖ്യമായും സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 100 ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാസീനമായ സൂക്ഷ്മകണം എന്നുവിശേഷിക്കപ്പെടുന്ന ന്യൂട്രിനോകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാല്‍ അത് പ്രപഞ്ചോൽപത്തി ഉള്‍പ്പെടെയുള്ള നിരവധി രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് ശാസ്ത്രലോകം കരുതുന്നു.

കണികാ പരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്. കേരളത്തിനെയും തമിഴ്നാടിനെയും ഒരുപോലെ ബാധിക്കുന്ന ഈ പദ്ധതിക്ക് എതിരെയുള്ള പോരാട്ടത്തില്‍ അണിചേരണമെന്ന് ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈക്കോ വി.എസിനെ സന്ദര്‍ശിച്ചിരുന്നു. കണികാ ഗവേഷണനിലയം ഇടുക്കി അണക്കെട്ടിനെ ബാധിക്കുമെന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്.
 

Tags:    
News Summary - theni neutrino test stayed by green tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.