'യമുന നദിയിൽ വെള്ളം തുറന്നുവിടണം'; ഹരിയാന സർക്കാറിനോട് അതിഷി

ന്യൂഡൽഹി: കൊടുംചൂടും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടാനും ഡൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഡൽഹി ജലവകുപ്പ് മന്ത്രി അതിഷി മ​ർ​ലേ​ന ഹരിയാന സർക്കാരിനോട് അഭ്യർഥിച്ചു. 'ഞങ്ങൾ ഇവിടെ വസീറാബാദ് ബാരക്കിലാണ്. ഇവിടെ നിന്നുള്ള വെള്ളം വസീറാബാദ്, ചന്ദ്രവാൽ, ഓഖ്‌ല എന്നിവയുൾപ്പെടെ വിവിധ ജല ശുദ്ധീകരണ പ്ലാൻ്റുകളിലേക്ക് അയയ്ക്കുന്നു. നിലവിൽ വസീറാബാദ് ബാരേജിലേക്ക് വെള്ളം തുറന്നുവിടുന്നില്ല. ജലനിരപ്പ് വളരെ താഴ്ന്നതിനാൽ നദിയുടെ അടിത്തട്ട് ദൃശ്യമാണ്. വെള്ളം തുറന്നുവിടാനും ഡൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ഹരിയാന സർക്കാറിനോട് അഭ്യർഥിക്കുന്നു' -അതിഷി പറഞ്ഞു.

ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരും അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും ഹരിയാന സർക്കാരിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിഷി അറിയിച്ചു. യമുനയിലേക്ക് ഹരിയാന വെള്ളം വിട്ടില്ലെങ്കിൽ ഡൽഹിയിൽ ജലക്ഷാമം തുടരുമെന്നും മുനക് കനലിൽ നിന്ന് വളരെ കുറച്ച് വെള്ളമാണ് ലഭിക്കുന്നതെന്നും മറുവശത്ത് വസീറാബാദ് ബാരേജിൽ വെള്ളം ലഭിക്കുന്നില്ലെന്നും അതിഷി പറഞ്ഞു.

പ്ലാൻ്റ് ബാരേജിലേക്ക് അയക്കുന്ന റീസൈക്കിൾ ചെയ്ത വെള്ളമാണ് ജലനിരപ്പ് നിലനിർത്തുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ജനങ്ങൾ ആശങ്കയിലാണ്. നിലവിൽ, ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഡിജെബി ടാങ്കറുകൾ 10,000 ട്രിപ്പുകൾ നടത്തി പ്രതിദിനം 10 എംജിഡി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവാന, ദ്വാരക, നംഗ്ലോയ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രദേശവാസികൾക്ക് വെള്ളം നൽകുന്നതിനായി അടിയന്തര കുഴൽക്കിണറുകൾ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ അനുസരിച്ച് വസീറാബാദ് ബാരേജിലെ ജലനിരപ്പ് ഏകദേശം 674.5 അടിയാണ്. ഇപ്പോൾ അത് 668 അടിയിലെത്തി. മുനക് കനാലിൽ ജലനിരപ്പ് 902-904 ക്യുസെക്‌സ് ആണ്.

അതിനിടെ ജലവിതരണ പ്രശ്നം അവഗണിക്കുകയും തെറ്റായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഡൽഹി സർക്കാരിനെതിരെ ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി തിങ്കളാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Tags:    
News Summary - The Yamuna River should be released'; athishi to Haryana Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.