ന്യൂഡൽഹി: രണ്ടാഴ്ചത്തെ ശൈത്യകാല അവധി കഴിഞ്ഞ് സുപ്രീംകോടതി ചൊവ്വാഴ്ച തുറക്കുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളുടെ തിരക്കിലേക്ക്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ചില കേസുകൾ വരുംദിവസങ്ങളിൽ പരിഗണനക്കെടുക്കുമ്പോൾ മറ്റു ചിലതിൽ അന്തിമവിധിയും വരും.
2002 ഗുജറാത്ത് വംശഹത്യയിൽ ഒരു കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല നടത്തുകയും ഗർഭിണിയെ കൂട്ടബലാത്സംഗം നടത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷ തീരും മുമ്പ് ബി.ജെ.പി സർക്കാർ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനു നൽകിയ ഹരജിയിൽ സുപ്രീംകോടതി വിധി പറയും.
കഴിഞ്ഞവർഷം ഒക്ടോബർ 12നാണ് കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. ഇലക്ടറൽ ബോണ്ടിനെതിരായ ഹരജികളും മുഖ്യമന്ത്രിക്കെതിരായ അഴിമതി കേസിന് ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന അഴിമതി വിരുദ്ധ നിയമഭേദഗതിക്കെതിരായ ഹരജികളും വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ചവയാണ്. ലോക്സഭ സസ്പെൻഷനെതിരെയുള്ള മഹുവ മൊയ്ത്രയുടെ ഹരജി, 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിർണയിക്കുന്ന ഇരു ശിവസേനകളുടെയും മഹാരാഷ്ട്ര സർക്കാറിന്റെയും രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന എം.എൽ.എമാരുടെ അയോഗ്യത കേസ്, ബില്ലുകൾക്ക് മേൽ അടയിരിക്കുന്ന ഗവർണർമാർക്കെതിരായ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ കേസുകൾ എന്നിവയും സുപ്രീംകോടതി പരിഗണിക്കും. ഡൽഹി സർക്കാറിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ ‘ഡൽഹി ദേശീയ തലസ്ഥാന പ്രദേശ നിയമ’ത്തിനെതിരായ കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കുകയാണ്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരായി മാറിയതാണിത്. അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരായ കേസ്, പട്ടികജാതി, പട്ടികവർഗ സംവരണത്തിനുള്ളിലെ ഉപസംവരണം എന്നിവയും ഭരണഘടന ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.