ചെന്നൈ: നരബലി നടത്തിയാൽ നിധി കിട്ടുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് സുഹൃത്തായ കർഷകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കാട് കേളമംഗലം പുതൂർ ഗ്രാമത്തിലെ കർഷകനായ ലക്ഷ്മണനാണ് (52) കൊല്ലപ്പെട്ടത്. ധർമപുരി പെന്നാകരം ദാസംപട്ടി സ്വദേശി മണി (65) ആണ് പ്രതി.
സെപ്റ്റംബർ 28നാണ് ലക്ഷ്മണനെ വെറ്റില കൃഷിയിടത്തിലെ ഒന്നരയടി താഴ്ചയുള്ള കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെറ്റില, ചെറുനാരങ്ങ, മഞ്ഞൾ, കുങ്കുമം തുടങ്ങി പൂജാസാധനങ്ങൾ കുഴിയിൽ ശരീരത്തിനുമുന്നിൽ വെച്ചിരുന്നതിനാൽ നരബലിയാണെന്ന് കേളമംഗലം പൊലീസ് സംശയിച്ചു. കൂടാതെ അറുത്ത കോഴിയും ഉണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലക്ഷ്മണന് അവസാനം ഫോൺ ചെയ്തത് മണിയാണെന്ന് അറിവായി. തന്‍റെ വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്നും ഇത് ലഭിക്കാൻ നരബലി നടത്തണമെന്നും ധർമപുരിയിലെ ആൾദൈവം ലക്ഷ്മണനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ലക്ഷ്മണൻ മണിയോട് വിവരം പറഞ്ഞു.
ഇരുവരും ചേർന്ന് പരിചയമുള്ള യുവതിയെ ബലി നൽകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. പൂജ തുടങ്ങിയിട്ടും യുവതി എത്തിയില്ല. ഇതോടെ മണി ലക്ഷ്മണനെ മരത്തടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി പൂജ നടത്തുകയായിരുന്നു. പിന്നീട് മണി കൃഷിയിടത്തിന്‍റെ വിവിധഭാഗങ്ങളിൽ നിധിക്കുവേണ്ടി കുഴിച്ചുനോക്കി. ഒടുവിൽ നിധി കിട്ടാതായപ്പോൾ മുങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.