അഹമ്മദാബാദ്: ചുറ്റിക ശബ്ദവും ലോഹത്തിന്റെ ഞരക്കവും സൗണ്ട് ട്രാക്കായി മാറിയപ്പോൾ അതിൽനിന്ന് ആകാശത്തോളം വലിയ ഒരു സ്വപ്നം വളർത്തിയെടുത്ത യുവാവ് കരസ്ഥമാക്കിയത് അവിസ്മരണീയ നേട്ടം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രോഗിയായ പിതാവ് ദിവസവും ചെയ്തു പോരുന്ന കഠിനമായ ജോലി കണ്ടു കൊണ്ടിരുന്ന ആ യുവാവ് ചിന്തിച്ചത് അച്ഛനെ ഈ ജോലിയിൽ നിന്ന് കരകയറ്റണമെന്നു മാത്രമായിരുന്നു.
സ്മിത് പഞ്ചൽ കുടുംബത്തോടൊപ്പം
അതിനാലാണ് അച്ഛനോടൊപ്പം അവനും ജോലിക്കു വന്നു തുടങ്ങിയത്. 100 മുതൽ 500 കി.ഗ്രാം വരെ ഭാരമുള്ള ഇരുമ്പ് ബീമുകൾ ഉയരമുള്ള കെട്ടിടങ്ങളിലേക്ക് കയറ്റിത്തുടങ്ങുന്നതിനിടെ അയാളുടെ മനസ്സിൽ സിവിൽ സർവിസ് മോഹം ഉദിച്ചു. 2025 ഏപ്രിൽ 22 ന് പ്രഖ്യാപിച്ച ഫലങ്ങളിൽ ആദ്യ റാങ്കുകാരിൽ തന്റെ പേര് കണ്ടപ്പോൾ സന്തോഷത്തേക്കാളേറെ സ്മിത് പഞ്ചലിന് തോന്നിയത് അഭിമാനമായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ മുപ്പതാം റാങ്ക് നേടിയ 22 വയസ് മാത്രമുള്ള സ്മിത്തിന്റെ സ്വപ്നത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ലാത്തൊരു കഠിനാധ്വാനത്തിന്റെ കഥയാണ്.
ഈ നേട്ടം വ്യക്തിപരമായ വിജയത്തേക്കാൾ കൂടുതലായിരുന്നു ആ യുവാവിന്. ശരിക്കും പിതാവിന് നൽകിയ ഒരു മോചനമായിരുന്നു അതെന്നാണ് സ്മിത്തിന്റെ അഭിപ്രായം. നിർമാണ ജോലികളുടെ ശാരീരിക കാഠിന്യത്തിൽ നിന്നു പിതാവ് ഹസ്മുഖിനെ മോചിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് അദ്ദേഹം.
ഇരുമ്പു പണിക്കാരനായ പിതാവ് രോഗിയായതിനെ തുടർന്നാണ് സ്മിത് പഞ്ചലും പണി സൈറ്റുകളിൽ എത്തിച്ചേർന്നത്. അഹമ്മദാബാദിലാണ് സ്മിത് പഞ്ചൽ താമസിക്കുന്നത്.
2011ൽ ശസ്ത്രക്രിയക്ക് വിധേയനായതിനുശേഷം പിതാവ് ഹസ്മുഖ് പഞ്ചലിന്റെ ആരോഗ്യം മോശമായിരുന്നു. അതിനുശേഷം ഭാരങ്ങൾ ഉയർത്തുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ കർശനമായി പറഞ്ഞു. എന്നാലും കുടുംബത്തെ പോറ്റേണ്ടതിനാൽ അദ്ദേഹം നിത്യവും ജോലിക്ക് പോകുമായിരുന്നു.
‘എന്റെ അച്ഛൻ ചെറിയ ജോലികളുമായി ബുദ്ധിമുട്ടുന്നത് കാണുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഗുളികകൾ ഇല്ലാതെ ഉറങ്ങാൻ കഴിയുമായിരുന്നില്ല. പക്ഷേ അദ്ദേഹം പരാതിപ്പെടുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എല്ലാ വേദനകളും ഒരു പുഞ്ചിരിയോടെ അദ്ദേഹം സഹിക്കുമായിരുന്നു’. ഒരു ഓൺ ലൈൻ മാധ്യമവുമായി പങ്കു വെച്ച അഭിമുഖത്തിൽ സ്മിത് മനസു തുറക്കുന്നു. ‘പപ്പാ, വിഷമിക്കേണ്ട, ഞാൻ അത് ചെയ്യാം’ 100 മുതൽ 500 കി. ഗ്രാം ഭാരമുള്ള കൂറ്റൻ ഇരുമ്പ് കട്ടകൾ ഉയർന്ന കെട്ടിടങ്ങളിലേക്ക് വലിച്ചിഴച്ച് ഘടിപ്പിക്കുമ്പോൾ അദ്ദേഹം പിതാവിനെ ആശ്വസിപ്പിക്കുമായിരുന്നു.
തന്റെ കസിൻ നൽകിയ ഉപദേശത്തിൽ നിന്ന് സ്മിത്ത് പ്രചോദനം ഉൾക്കൊണ്ടു. സിവിൽ സർവീസ് വിജയിച്ചില്ലെങ്കിൽ നിർമ്മാണ ജോലി തന്നെ തുടരുമെന്നും പിതാവിന് സമാധാനത്തോടെ വിരമിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്നും ദൃഢപ്രതിജ്ഞയെടുത്തു സ്മിത്. ഈ ലക്ഷ്യം പിന്തുടരാൻ 12ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് ആർട്സ് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.
2022ൽ ബിരുദം നേടിയ ശേഷം, പരീക്ഷക്കുള്ള ഔപചാരിക പരിശീലനം ആരംഭിക്കുന്നതിനായി അദ്ദേഹം അതേ വർഷം തന്നെ അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് മാറിത്താമസിച്ചു. ഇപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയ്യുന്ന മസൂറിയിലേക്ക് പോകാൻ തയാറെടുക്കുകയാണ് സ്മിത് പഞ്ചൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.