ജനീവ: സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി യു.എൻ സമിതി യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ. കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തവും ഔദ്യോഗിക രേഖയിൽ നിന്ന് ഒഴിവാക്കിയതുമാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷണർ വ്യക്തമാക്കി. ആർക്കും രജിസ്റ്റർ ചെയ്യാവുന്ന യോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണർ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തില്‍ നടന്ന സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആർ) 19 -ാമത് യോഗത്തിന്‍റെ 73മത്തെ സെഷനില്‍ കൈലാസയുടെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിത പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് മാ വിജയപ്രിയ യോഗത്തിൽ പറഞ്ഞത്.
കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൈലാസ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയൻ കുമാർ എന്ന വ്യക്തിയും യോഗത്തിൽ പങ്കെടുത്തു. ഇവർ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ യു.എൻ വെബ്സൈറ്റിലും വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയയെ കാണാം. കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് ഇവർ വിശേഷിപ്പിച്ചത്.
2019 മുതൽ പിടികിട്ടാപ്പുള്ളിയായ നിത്യാനന്ദ ബാലപീഡനവും ബലാത്സംഗവും അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇയാൾ 'കൈലാസ' എന്ന രാജ്യം സൃഷ്ടിച്ചുവെന്നുള്ള വാർത്തകളും പുറത്ത് വന്നു. എന്നാൽ, നിത്യാനന്ദയെയോ രാജ്യത്തെയോക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.
2010ല്‍ നിത്യാനന്ദക്കെതിരെ കർണാടക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും കേസുകള്‍ നിലവിലുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി യു.എൻ സമ്മേളനത്തിൽ പങ്കെടുത്തത്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വലിയ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.