‘കേരളത്തിലെ സാഹോദര്യം യു.പിയിലുണ്ടാകണേ എന്നാണ് പ്രാർഥന’; കേരളത്തിന്റെ സ്നേഹസന്ദേശത്തിന് മുസഫർ നഗറിലെ പിതാവി​ന്റെ മറുപടി

ന്യൂഡൽഹി: കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തർപ്രദേശിലും ഉണ്ടാകണമെന്നാണ് തങ്ങളുടെ പ്രാർഥനയെന്ന് ഹിന്ദു സഹപാഠികളെ കൊണ്ട് അധ്യാപിക അടിപ്പിച്ച മുസ്‍ലിം വിദ്യാർഥിയുടെ കുടുംബം. ഓണത്തിന് മലയാളിയുടെ സ്നേഹ സന്ദേശവുമായി മുസഫർ നഗർ ഖുബ്ബാപൂരിലെ വീട്ടിലെത്തിയ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം.പിയോടും കൂടെയുണ്ടായിരുന്ന​ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയോടുമാണ് യു.പി കേരളത്തെ പോലെ ആകണേ എന്ന തങ്ങളുടെ പ്രാർഥന വിദ്യാർഥിയുടെ പിതാവ് ഇർഷാദ് പങ്കുവെച്ചത്.

ഏഴു വയസ്സുകാരനെ സഹപാഠികളെക്കൊണ്ട് മാറി മാറി അടിപ്പിച്ച അധ്യാപികയുടെ ക്രൂരതയുടെ ഞെട്ടലിൽനിന്ന് ഇനിയും മുക്തമാകാത്ത കുടുംബത്തെ സമാശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്ത ബ്രിട്ടാസും സുഭാഷിണി അലിയും കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും തുടർപഠനത്തിന് അവസരം നൽകാമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഗ്ദാനവും അറിയിച്ചു.

വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ തെളിവാണ് മുസഫർ നഗറിൽ കണ്ടതെന്ന് പറഞ്ഞ ബ്രിട്ടാസ്, പീഡനത്തിനിരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠനം നിർത്തിയ അവന്റെ ജ്യേഷ്ഠന്റെയും തുടർപഠനത്തിനുള്ള സഹായം നൽകാമെന്ന നിർദേശവും കുടുംബത്തിന് മുമ്പാകെ വെച്ചു. കുടുംബം ആ നിർദേശം സ്വീകരിച്ചുവെന്നും ബ്രിട്ടാസ് പറഞ്ഞു.

സ്കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞുവെന്ന് പിതാവ് പറഞ്ഞു. ഭാര്യയോടൊപ്പം വിവാദ അധ്യാപികയായ തൃപ്തി ത്യാഗിയെ രണ്ടു വട്ടം കണ്ടിരുന്നെങ്കിലും താൻ ചെയ്തത് ശരിയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ടായതെന്ന് ഇർഷാദ് പറഞ്ഞു. അതുകൊണ്ടാണ് മറ്റൊരു സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. ഒരാഴ്ച കഴിഞ്ഞ് അഡ്മിഷൻ നൽകാമെന്നാണ് പുതിയ സ്കൂൾ അധികൃതർ അറിയിച്ചത്. സാഹോദര്യത്തിന്റെ ഉത്സവമായ ഓണത്തിന് കേരളത്തിന്റെ സ്നേഹസ​​ന്ദേശത്തോടൊപ്പം ഒരു ഓണസമ്മാനവും നൽകിയാണ് ഇരുവരും ഖുബ്ബാപൂരിലെ വീട്ടിൽനിന്ന് മടങ്ങിയത്.

Tags:    
News Summary - 'The prayer is that the brotherhood of Kerala should be in UP'; Muzaffarnagar father's reply to Kerala's message of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.