മുംബൈ: ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രമായ ധുരന്ധർ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ചൊടിപ്പിച്ചതായി റിപ്പോർട്ട്. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, മുംബൈ കേന്ദ്രീകരിച്ച് സജീവമാകാൻ ഡി-കമ്പനി ശ്രമം തുടങ്ങിയതായാണ് സുരക്ഷാ ഏജൻസികൾ പുറത്തു വിടുന്ന വിവരം.
രൺവീർ സിംഗ് നായകനായ ധുരന്ധറിന്‍റെ രണ്ടാം ഭാഗത്തിൽ ബഡേ സാഹിബ് എന്നൊരു കഥാപാത്രമുണ്ട്. മരണാസന്നനായ ഈ കഥാപാത്രത്തിന് ദാവൂദ് ഇബ്രാഹിമുമായി സാമ്യമുണ്ടെന്ന് പൊതുവെ സംസാരമുണ്ടായിരുന്നു. താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ടത് ഡി-കമ്പനിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായി മാറിയെന്നും, ഈ സിനിമ അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഡി-കമ്പനി. ഷക്കീൽ ഗാംഗിനാണ് റിക്രൂട്ട്‌മെന്റിന്റെ ചുമതല. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ ഇവർക്ക് പരിശീലനവും ആയുധങ്ങളും നൽകുന്നതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മുംബൈയിലെ തെരുവുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ച് അറിയിക്കാതെയാണ് ഇവർ തങ്ങളുടെ വലയിലാക്കുന്നത്. ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട വികാരങ്ങൾ ആളിക്കത്തിച്ചാണ് യുവാക്കളെ ഇവർ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നത്.
അധോലോകത്തെ സ്വാധീനം നഷ്ടപ്പെട്ടതും, അധോലോക പ്രവർത്തനങ്ങളിലും പിടിച്ചുപറി കേസുകളിലും തങ്ങളുടെ സാന്നിധ്യം കുറഞ്ഞതും ഡി-കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തകർച്ചയിൽ നിന്ന് കരകയറാനും, തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനും ഇന്ത്യയിലെ പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹി പോലീസ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ ഐ.എസ്.ഐയും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിരുന്നു. കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ഇത്തരം ഭീകര നീക്കങ്ങൾ തുടർച്ചയായി പരാജയപ്പെടുത്താൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് സാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.