സെൻസർ ബോർഡ് നിലപാട് മാറ്റി; ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന് 'എ' സർട്ടിഫിക്കറ്റ് നൽകാൻ നീക്കം

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ സൈന്യം വധിച്ച അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതകഥ പറയുന്ന 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് സെൻസർ ബോർഡിന്റെ പരിശോധനാ സമിതി നേരത്തെ വാക്കാൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

കൗതർ ബെൻ ഹനിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ഘട്ടത്തിൽ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നിലപാടിനെതിരെ ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ, സാമൂഹിക പ്രവർത്തകർ, പ്രതിപക്ഷ പാർട്ടികൾ എന്നിവരിൽ നിന്ന് കടുത്ത വിമർശനമുയർന്നിരുന്നു.

"ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന സിനിമകളെപ്പോലും സെൻസർ ചെയ്യുന്ന തരത്തിൽ, ഭരണാധികാരികളെ പ്രീണിപ്പിക്കുന്നതാണ് സൗഹൃദം എന്ന നിലപാടാണ് ഇന്ത്യൻ അധികാരികൾ കാണിക്കുന്നത്," എന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര രംഗത്തെ 90 പ്രമുഖർ ഒപ്പിട്ട കത്തിൽ അധികൃതരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാൻ വഴിയൊരുങ്ങുന്നത്.

ഓസ്കർ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് 'ഇൻഡ്യ' സഖ്യത്തിലെ എട്ട് എം.പിമാർ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുകയും ചെയ്തിരുന്നു.

2024 ജനുവരിയിൽ ഗസ്സയിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്. കുടുംബാംഗങ്ങളും അവരെ രക്ഷിക്കാൻ വന്ന പാരാമെഡിക്കൽ ജീവനക്കാരും ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താൻ ഒറ്റക്കാണെന്നും ഭയമാകുന്നുവെന്നും പറഞ്ഞ് റെഡ് ക്രസന്റിന് ഹിന്ദ് നടത്തിയ ഫോൺ കോളുകളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 ചിത്രത്തിന്റെ പ്രദർശന സമയത്ത് കാണികൾ 23 മിനിറ്റോളം എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിന്‍റെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ യുദ്ധം എത്രമാത്രം ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു

Tags:    
News Summary - The Voice of Hind Rajab to receive ‘A’ certificate, weeks after oral ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.