കുടിയേറ്റം കുറയുമ്പോഴും ഫിൻലൻഡിൽ റെക്കോർഡ് പൗരത്വ അനുമതികൾ; ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാരും

ഹെൽസിങ്കി: മൊത്തത്തിൽ കുടിയേറ്റം കുറഞ്ഞിട്ടും 2025-ൽ ഫിൻലൻഡ് നൽകിയ പൗരത്വ അംഗത്വം റെക്കോഡ് കടന്നു. റസിഡൻസ് പെർമിറ്റുകൾക്കായി അപേക്ഷിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാരുമുണ്ട്. ഈ വർഷം വർക്ക് പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ വർധനവാണ് കാണിക്കുന്നത്. ഫിൻലൻഡിലെ പൗരത്വ നിയമങ്ങൾ 2024-ൽ കൂടുതൽ കർശനമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ആകെ 14,703 പേർക്കാണ് ഫിന്നിഷ് പൗരത്വം ലഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണ്. 2024-ൽ ഇത് 13,973 ആയിരുന്നു. മുൻ വർഷങ്ങളിൽ ലഭിച്ച കെട്ടിക്കിടന്ന പൗരത്വ അപേക്ഷകൾക്ക് തീർപ്പ് കൽപ്പിച്ചതാണ് ഈ വർധനവിന് പ്രധാന കാരണമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കർശനമായ കുടിയേറ്റ നിയമങ്ങളും കാരണം പുതിയതായി എത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ഫിൻലൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഇടിവ് രേഖപ്പെടുത്തി. ജോലി ആവശ്യങ്ങൾക്കായി നൽകിയ റസിഡൻസ് പെർമിറ്റുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് നാലിലൊന്നായി കുറഞ്ഞു.

ഫാമിലി പെർമിറ്റ് അപേക്ഷകരിൽ മുന്നിൽ ഇന്ത്യക്കാർ

2025-ൽ റസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി മാറിയത് കുടുംബബന്ധങ്ങളാണ്. ആദ്യമായി ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമുള്ള പെർമിറ്റുകളിൽ കുറവുണ്ടായപ്പോൾ, ഫാമിലി പെർമിറ്റുകൾ 10 ശതമാനം വർധിച്ചു. ഫാമിലി റസിഡൻസ് പെർമിറ്റിനായി അപേക്ഷിക്കുന്നവരിൽ ഏഷ്യൻ രാജ്യങ്ങളാണ് മുന്നിൽ. ഇതിൽ ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ അപേക്ഷകർ

2025-ൽ തൊഴിലധിഷ്ഠിത കുടിയേറ്റം ദുർബലമായിരുന്നെങ്കിലും, ഈ വർഷം ഫിൻലൻഡിൽ തൊഴിൽ കുടിയേറ്റ പ്രവർത്തനങ്ങളിൽ പുരോഗതി ദൃശ്യമാകുന്നുണ്ട്. 2026-ലെ ആദ്യ മാസങ്ങളിൽ തൊഴിലധിഷ്ഠിത റസിഡൻസ് പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം കൂടുതലായിരുന്നു. കഴിഞ്ഞ വർഷം വർക്ക് പെർമിറ്റുകളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് സോഷ്യൽ ആന്റ് ഹെൽത്ത് കെയർ മേഖലയിലാണ്. നിർമാണ മേഖലയിൽ 24 ശതമാനം കുറവും രേഖപ്പെടുത്തി. ഫിൻലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ 56.5 ലക്ഷം വരുന്ന ജനസംഖ്യയിൽ ഏകദേശം 10 ശതമാനം ആളുകളും രാജ്യത്തിന് പുറത്ത് ജനിച്ചവരാണ്.

Tags:    
News Summary - Record number of citizenship applications in Finland despite low immigration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.