ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി തമിഴക വെട്രി കഴകം അധികാരത്തിലേറിയതിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തിരുച്ചിറപ്പള്ളിയിൽ തിങ്കളാഴ്ച സംഘടിപ്പിച്ച റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച വിജയ് രണ്ടിടത്തും വിജയം നേടിയിരുന്നു. തിരുച്ചി ഈസ്റ്റിൽനിന്ന് പിന്നീട് അദ്ദേഹം രാജിവെച്ചു. തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘തമിഴ്നാട്ടിലെ എല്ലാവർക്കും നന്ദി. എൻ നെഞ്ചിൽ കുടിയിരിക്കും തമിഴക മക്കൾ’ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പൊതു ജനങ്ങളോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം പ്രതിപക്ഷമായ ഡി.എം.കെയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു.
‘ഞങ്ങൾ അധികാരത്തിലെത്തി ആഴ്ചകൾ പോലും ആയിട്ടില്ല. ആറുമാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അധികാരമേറ്റ് അരമണിക്കൂറിനുള്ളിൽ അവർ പരാതിപ്പെടാൻ തുടങ്ങി. മാറിമാറി അധികാരത്തിൽ വന്ന് വർഷങ്ങളായി തങ്ങളെ വഞ്ചിച്ച രണ്ട് പാർട്ടികളെയും തമിഴ്‌നാട്ടിലെ ജനങ്ങൾ നിരാകരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഞാൻ നിങ്ങളുടെ സഹോദരനാണെന്നും മുഖ്യമന്ത്രി മാത്രമായല്ല, മറിച്ച് നിങ്ങൾക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കാനെത്തിയ മുഖ്യസേവകനാണെന്നും വിജയ് പറഞ്ഞു.
ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വിജയ് പ്രത്യാശ പ്രകടിപ്പിച്ചു. തന്നെ വിമർശിക്കുന്നത് തുടരാൻ എതിരാളികളോട് അഭ്യർഥിക്കുകയും ഇത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിൽ നടന്ന നേരിട്ടുള്ള മത്സരമായിരുന്നുവെന്ന് വിജയ് ആവർത്തിച്ചു. കൂടാതെ സർക്കാർ രൂപവത്കരിക്കാൻ ടി.വി.കെ കുതിരക്കച്ചവടം നടത്തിയെന്ന ആരോപണം നിഷേധിച്ചു. എന്നാൽ, ടി.വി.കെ അധികാരത്തിലെത്തുന്നതിനെ തടയാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അസാധാരണമായ സഖ്യം രൂപീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബ രാഷ്ട്രീയം, മയക്കുമരുന്ന് ഭീഷണി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ജനങ്ങളുടെ അതൃപ്തിയുടെ പ്രതിഫലനമാണ് ഡി.എം.കെയുടെ മോശം പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ടി.വി.കെയുടെ കീഴിൽ അഴിമതിരഹിത ഭരണം ഉറപ്പാക്കുമെന്നും ജാതി അടിസ്ഥാനമാക്കിയുള്ള എല്ലാ രാഷ്ട്രീയവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
‘അന്തരിച്ച മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ പോലും തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ഇത്രയും വോട്ട് നേടിയിട്ടില്ല. നിങ്ങൾ ടി.വി.കെക്ക് വളരെയധികം പിന്തുണ നൽകി. ഞാൻ എന്നെ എം.ജി.ആറുമായി താരതമ്യം ചെയ്യുന്നില്ല. എം.ജി.ആർ, എം.ജി.ആർ ആണ്. പക്ഷേ, എം.ജി.ആർ, അണ്ണ, പെരിയാർ എന്നിവർ കാണിച്ച പാതയിൽ പ്രവർത്തിക്കാൻ വന്ന നിങ്ങളുടെ വിജയ് ആണ് ഞാൻ’ -അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപരിപാടികളിൽ സ്യൂട്ട് ധരിച്ചെത്തിയതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളിലും വിജയ് പ്രതികരിച്ചു. ‘നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ അനുവാദമില്ലേ? അധികാര സ്ഥാനങ്ങളിലുള്ളവർക്ക് മാത്രമാണോ അത്? അങ്ങനെയൊന്നുമില്ല. ഞാൻ പല നിറങ്ങളിലുള്ള വസ്ത്രങ്ങളും ധരിക്കുന്നില്ല. നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളെ പോലെ അത് കറുപ്പും വെളുപ്പും മാത്രമാണ്. കറുപ്പും വെളുപ്പും പോലെ എല്ലാത്തിലും ഞാൻ സുതാര്യനും ലളിതവുമായി തുടരുമെന്ന് കാണിക്കുന്നതിനാണ് ഈ നിറങ്ങളുടെ തിരഞ്ഞെടുപ്പ്’ -വിജയ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.