ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമം. 2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. ഫിഫയുമായി എട്ട് വർഷത്തെ ചരിത്രപരമായ കരാറിലാണ് സീ ഗ്രൂപ്പ് തിങ്കളാഴ്ച ഒപ്പുവെച്ചിരിക്കുന്നത്. 2026 മുതൽ 2034 വരെയുള്ള കാലയളവിൽ നടക്കുന്ന ലോകകപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകൾ ഇനി സീ നെറ്റ്‌വർക്കിലൂടെ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തും.
ടൂർണമെന്റ് ആരംഭിക്കാൻ കൃത്യം 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യൻ കായികരംഗത്തെ ഈ വമ്പൻ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച കായിക ചാനൽ ശൃംഖലയായ 'Unite8 Sports' ലൂടെയായിരിക്കും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുക. Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ ചാനലുകളിൽ കളി കാണാം.
ലോകകപ്പിന്റെ സംപ്രേഷണാവകാശം സംബന്ധിച്ച് മാസങ്ങളായി അനിശ്ചിതത്വം നിലനിന്നിരുന്നു. ഇന്ത്യ പോലുള്ള വലിയ വിപണിയിൽ പോലും ടൂർണമെന്റിന് ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കണ്ടെത്താനാകാതെ ഫിഫ പ്രതിസന്ധിയിലായിരുന്നു. ആദ്യം 2026, 2030 ലോകകപ്പുകളുടെ ഇന്ത്യൻ അവകാശങ്ങൾക്കായി ഫിഫ ഏകദേശം 100 മില്യൺ ഡോളർ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് 60 മില്യൺ ഡോളറായി കുറച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുൻപ് 2022 ലോകകപ്പ് സംപ്രേഷണം ചെയ്ത ജിയോസ്റ്റാർ ഏകദേശം 20 മില്യൺ ഡോളറിന്റെ ഓഫർ നൽകിയെങ്കിലും ഫിഫ അത് നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ കരാർ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, ഏകദേശം 35 ദശലക്ഷം ഡോളർ (ഏകദേശം ₹290 കോടി രൂപ) മുടക്കിയാണ് സീ ഈ വമ്പൻ അവകാശം നേടിയെടുത്തത്. ഈ കരാർ പ്രകാരം 2034 വരെ ഫിഫ നടത്തുന്ന 39 ഓളം പ്രമുഖ ടൂർണമെന്റുകൾ സീ സംപ്രേഷണം ചെയ്യും.
ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റാണ്. ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങൾ ഉണ്ടായിരിക്കും. ജൂൺ 11-നാണ് ഈ ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്ക് ശേഷവും പുലർച്ചെയുമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.