ഡെൽഹിയിൽ ഒടുവിൽ സ്ഫോടനം നടന്നത് 14 വർഷം മുമ്പ്

ന്യൂഡൽഹി: ഡെൽഹിയിൽ സ്ഫോടനം നടക്കുന്നത് 14 വർഷത്തിനുശേഷം. 2011 സെപ്റ്റംബർ ഏഴിനായിരുന്നു അവസാനമായി ഇത്തരത്തിലുള്ള സ്ഫോടനം ഡെൽഹിയിൽ നടക്കുന്നത്. അന്ന് ഡെൽഹി ഹൈ​കോടതിയുടെ അഞ്ചാം ഗേറ്റിലായിരുന്നു സ്ഫോടനം. അന്ന് 11 പേരാണ് കൊല്ലപ്പെട്ടത്. 76 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടതിക്ക് മുന്നിലെ ഏറ്റവും തിരക്കേറിയ സ്ഥലമയിരുന്നു അന്ന് ആക്രമണകാരികൾ തെരഞ്ഞെടുത്തത്.

അതിന് മൂന്നു വർഷം മുമ്പ് 2008 സെ്പ്റ്റംബർ 13 നായിരുന്നു ഡെൽഹിയിൽ ആക്രമണ പരമ്പരതന്നെ നടന്നത്. കൊണോട്ട് പ്ലേസ്, ഗ്രേറ്റർ കൈലാസ്, ഗഫാർ മാർക്കറ്റ്, കരോൾബാഗ് എന്നിവിടങ്ങളിലായി നടന്ന സ്ഫോടനത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. 90 പേർക്ക് പരിക്കേറ്റു. 2006 ഏപ്രിൽ 14ന് ഡെൽഹി ജുമാ മസ്ജിദ് കോംപ്ലക്സിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ഏതാനും മാസം മുമ്പാണ് 2005 ഒക്ടോബർ 29ന് തിരക്കേറിയ മാർക്കറ്റിൽ സ്ഫോടനമുണ്ടായത്. പഹർഗഞ്ച്, സരോജിനി നഗർ എന്നിവിടങ്ങളിൽ നടന്ന സ്ഫോടനത്തിൽ അന്ന് 59 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

2001 ഡിസംബർ 13 നായിരുന്നു ലഷ്‍കർ ഇ ​തോയ്ബയും ജെയ്ഷെ മുഹമ്മദും ചേർന്ന് നടത്തിയ ഡെൽഹി പാർലമെന്റ് ആക്രമണം. അവിടെ കൊല്ലപ്പെട്ടത് 9 പേരായിരുന്നു.

ഇന്നലെ നടന്ന സ്​ഫോടനം 2000 ഡിസംബർ 22ന് നടന്ന സ്ഫോടനത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. അന്ന് രണ്ട് ലഷ്‍കർ തീവ്രവാദികൾ ചെങ്കോട്ടക്കടുത്ത് നടത്തിയ സ്ഫോടനത്തിൽ ഏഴ് ജവാൻമാർക്ക് ജീവഹാനി സംഭവിച്ചു.

90 കളിൽ നിരവധി സ്ഫോടനങ്ങളാണ് തലസ്ഥാനത്തുണ്ടായത്. 1997 ഡിസംബർ 30ന് പഞ്ചാബ് ബാഗിൽ ബസിൽ നടന്ന സ്ഫോടനതിൽ നാല് പേർ മരിച്ചു. തൊട്ട് മുമ്പ് നവംബറിൽ ചെങ്കോട്ടക്കടുത്ത് ഇരട്ട സ്ഫോടനമുണ്ടായി. ഇതിൽ 30 പേർക്ക് പരിക്കേറ്റു. 96 മേയ് 21ന് ലജ്പത്ത് നഗർ മാർക്കറ്റിൽ നടന്ന സ്ഫോടനത്തിൽ അന്ന് 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Tags:    
News Summary - The last blast in Delhi took place 14 years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.