ന്യൂഡൽഹി: കള്ളപ്പണം തടയൽ നിയമ (പി.എം.എൽ.എ) ത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം വകവെച്ചുകൊടുത്ത വിധിക്കെതിരെയുള്ള പുനഃപരിശോധന ഹരജി തുറന്ന കോടതിയിൽ കേൾക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ കൂടി അടങ്ങുന്ന മൂന്നംഗ ബെഞ്ച് ബുധനാഴ്ച ഇരുന്നാണ് ഹരജി വ്യാഴാഴ്ച തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത്. നേരത്തെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഖാൻവിൽകറുടെ സ്ഥാനത്ത് സ്വയം ഇരുന്നാണ് വെള്ളിയാഴ്ച വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് രമണ വ്യാഴാഴ്ച തുറന്ന കോടതിയിൽ അടിയന്തരമായി കേസ് കേൾക്കാൻ തീരുമാനിച്ചത് എന്നത് ശ്രദ്ധേയമാണ്. ഈ വിധിയെ കുറിച്ച് ജസ്റ്റിസ് ഖാൻവിൽകറിന്റെ നിലപാടിൽനിന്ന് ഭിന്നമായ അഭിപ്രായ പ്രകടനം കോടതിക്ക് പുറത്ത് ചീഫ് ജസ്റ്റിസിൽനിന്നുണ്ടായതിനാൽ പുനഃപരിശോധന ഹരജിയിലെ തീർപ്പ് നിർണായകമാകും.
അസാധാരണമായ കേസുകളിൽ മാത്രമാണ് പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കാറുള്ളത്. ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലായിരുന്നു ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഏറെ വിമർശനത്തിനിടയാക്കിയ വിധി പുറപ്പെടുവിച്ചത്. തിരച്ചിൽ നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വസ്തുവകകൾ കണ്ടുകെട്ടുന്നതിനും ഇ.ഡിക്ക് അധികാരമുണ്ടെന്ന് വിധിച്ച സുപ്രീംകോടതി, ഇ.ഡി കേസുകളിൽ ജാമ്യം നേടുന്നതിന് ഉപാധി കടുപ്പിച്ച് 2018ൽ പാർലമെന്‍റിൽ കൊണ്ടുവന്ന വിവാദ നിയമഭേദഗതിയും ശരിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.