അന്തർജില്ല സ്ഥലംമാറ്റ അനുപാതം വെട്ടിച്ചുരുക്കി; അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റം ഒഴിവുകളുടെ 10 ശതമാനമാക്കി വെട്ടിച്ചുരുക്കിയതിനും മാനദണ്ഡങ്ങൾ അട്ടിമറിച്ചതിനുമെതിരെ അധ്യാപകർ പ്രക്ഷോഭത്തിലേക്ക്. എൽ.പി, യു.പി അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിന് കേഡർ സ്ട്രെങ്തിന്‍റെ 30 ശതമാനവും ഹൈസ്കൂൾ അധ്യാപകരുടേതിന് 25 ശതമാനവും തസ്തികകളാണ് നീക്കിവെച്ചിരുന്നത്.

ഇതു പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലൂടെ ഓരോ വർഷവും ഓരോ തസ്തികയിലും ഉണ്ടാകുന്ന ആകെ ഒഴിവുകളുടെ 10 ശതമാനമാക്കിയാണ് വെട്ടിച്ചുരുക്കിയത്. പല അധ്യാപക തസ്തികകളിലും ജില്ലകളിൽ 10ൽ താഴെ അധ്യാപക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാളെ അന്തർ ജില്ല സ്ഥലംമാറ്റത്തിന് പരിഗണിക്കാൻ ചുരുങ്ങിയത് 10 അധ്യാപക തസ്തികയെങ്കിലും വേണം. ഇതിൽ കുറവ് ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ അവ ഒന്നടങ്കം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.

മാതൃജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത വർഷം പൂർത്തിയാകുന്ന മുറക്ക് സ്വന്തംജില്ലയിലേക്ക് മാറ്റം ലഭിക്കാനുള്ള അവസരമാണ് അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള ശതമാനം വെട്ടിക്കുറച്ചതിലൂടെ ഇല്ലാതായത്. 1999 മുതൽ 2018വരെയുള്ള സർക്കാർ ഉത്തരവുകൾ 2022 ഫെബ്രുവരി 24ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലൂടെ റദ്ദാക്കിയാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചതെന്നും ആക്ഷേപമുണ്ട്.

സർക്കാർ ഉത്തരവിനെ ഡയറക്ടറുടെ സർക്കുലറിലൂടെ റദ്ദാക്കാനാകില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കകാര വകുപ്പിന്‍റെ 1991ലെ ഉത്തരവിന്‍റെ മറവിലാണ് അന്തർജില്ല സ്ഥലംമാറ്റം 10 ശതമാനമാക്കി നിജപ്പെടുത്തിയതെന്നാണ് ആക്ഷേപം. അധ്യാപക സ്ഥലംമാറ്റത്തിന് ഈ ഉത്തരവ് പ്രായോഗികമല്ലാത്തതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്രയുംകാലം ഇത് അംഗീകരിച്ചിരുന്നില്ല.

സർക്കാർ നടപടി കാസർകോട്, വയനാട്, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ഇതര ജില്ലക്കാരായ അധ്യാപകർക്കാണ് തിരിച്ചടിയായത്. ഇവരുടെ അന്തർ ജില്ല സ്ഥലംമാറ്റ അവസരം പരിമിതപ്പെട്ടതോടെ ഈ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പുതിയ നിയമനം വഴി സർവിസിൽ പ്രവേശിക്കാനുള്ള സാധ്യതയും കുറയും.

അന്തർജില്ല സ്ഥലംമാറ്റം കാത്തിരിക്കുന്ന അധ്യാപകർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചാണ് സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ഇതിനായി 14 ജില്ലകളിലും സമരസമിതി രൂപവത്കരിച്ചു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകി. ഒക്ടോബർ അവസാനം തിരുവനന്തപുരത്ത് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.

Tags:    
News Summary - The inter-district transfer ratio has been slashed; Teachers to protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.