പ്രതാപം പോയി; ഭാവി ഇരുളടഞ്ഞ് ജെ.ഡി.എസ്

ബംഗളൂരു: വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയെന്ന ചീത്തപ്പേരും പഴഞ്ചൻ പ്രവർത്തനരീതിയും പുതുനേതാക്കളുടെ അഭാവവുംമൂലം കർണാടകയിൽ ജനതാദൾ-എസിന്റെ ഭാവി അടയുന്നു. പേരിൽ മാത്രം മതേതരത്വം ഉണ്ടാവുകയും അധികാരത്തിനായി ബി.ജെ.പിയുമായി കൂട്ടുകൂടുകയും ചെയ്യുന്ന പാർട്ടിയെന്ന പേരുദോഷം ജെ.ഡി.എസിനെ കന്നട മണ്ണിൽനിന്ന് അകറ്റുകയാണ്. 2018ൽ 37 എം.എൽ.എമാരുള്ള പാർട്ടി 2023ൽ 19ലേക്കു നിലംപതിച്ചു.

ജനതാ പാർട്ടിയായിരുന്ന 1985ൽ 139 സീറ്റുകളും 43.60 ശതമാനം വോട്ടുവിഹിതവും ഉണ്ടായിരുന്നു. 89ൽ ജനതാദൾ ആയപ്പോൾ 24 സീറ്റും 27.08 ശതമാനം വോട്ടുവിഹിതവുമായി. 94ൽ 115 സീറ്റും 33.54 ശതമാനം വോട്ടുവിഹിതവുമായി മികച്ച മുന്നേറ്റം നടത്തി. എന്നാൽ, ജെ.ഡി.എസ് ആയശേഷം 99ൽ 10 സീറ്റിലേക്കും 10.42 ശതമാനം വോട്ടുവിഹിതത്തിലേക്കും ചുരുങ്ങി.

2004ൽ 58 സീറ്റ്, 20.77 ശതമാനം വോട്ടുവിഹിതം. 2008ൽ 28 സീറ്റ്, 18.96 ശതമാനം വോട്ടുവിഹിതം. 2013ൽ 40 സീറ്റും 20.19 ശതമാനം വോട്ടുവിഹിതവും. 2018ൽ 37 സീറ്റും 18 ശതമാനം വോട്ടുവിഹിതവുമായിരുന്നു. എന്നാൽ, 2023ലാകട്ടെ 19 സീറ്റും 13.3 ശതമാനം വോട്ടുവിഹിതവുമായി പരിതാപകരമായ പതനത്തിലെത്തി.

ഒരു കാലത്ത് ദേശീയരാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ളവരായിരുന്നു ജനതാ പാർട്ടി. ഇന്ദിര ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ എതിർക്കാനായി വിവിധ പാർട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ് ജനതാ പാർട്ടി (ജനങ്ങളുടെ പാർട്ടി) രൂപവത്കരിക്കപ്പെടുന്നത്. 77ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയ​പ്പെടുത്തി ജനതാ പാർട്ടി നേതാവ് മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.

ജനതാ പാർട്ടിയിൽനിന്ന് രൂപാന്തരംപ്രാപിച്ചവയിൽ ഇന്നുള്ള പ്രധാന പാർട്ടിയാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നൽകുന്ന ജെ.ഡി.എസ്. പല വിഷയങ്ങളിലും ദേശീയതലത്തിൽ മതേതര കക്ഷികൾ എടുക്കുന്ന നിലപാടുകളിൽനിന്ന് ഭിന്നമായ നിലപാടുകളാണ് കർണാടകയിൽ പാർട്ടി സ്വീകരിക്കുന്നത്. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹക്കെതിരെ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണച്ചതാണ് ഒടുവിലത്തെ ഉദാഹരണം.

ഇത്തവണ ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ ജെ.ഡി.എസിന് പിന്നീടെല്ലാം പാളി. കോൺഗ്രസിൽനിന്ന് തിരിച്ചെത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാന പ്രസിഡന്റാക്കിയത് മുസ്‍ലിംകളെ ആകർഷിക്കാനാണ്. യുവനേതൃദാരിദ്ര്യം മൂലം അനാരോഗ്യത്തിനിടയിലും ദേവഗൗഡക്ക് അവസാനനിമിഷത്തിൽ പ്രചാരണത്തിനിറങ്ങേണ്ടിവന്നു. മകൻ കുമാരസ്വാമിയാകട്ടെ പ്രചാരണത്തിനിടെ ആശുപത്രിയിലായി. പിന്നീട് കുമാരസ്വാമിയുടെ മകനും രാമനഗരയിലെ സ്ഥാനാർഥിയുമായ നിഖിൽ കുമാരസ്വാമിയായിരുന്നു പ്രചാരണം നയിച്ചത്.

സംസ്ഥാനത്തെ 18 ശതമാനമുള്ള മുസ്‍ലിം വോട്ടുകൾ ജെ.ഡി.എസിനും കോൺഗ്രസിനും വിഭജിച്ചുപോയിരുന്നു മുമ്പ്. സംഘ്പരിവാർ ഭീഷണി ചെറുക്കുന്ന കാര്യത്തിൽ ജെ.ഡി.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തോന്നലിൽ ഇത്തവണ മുസ്‍ലിം വോട്ടുകൾ കോൺഗ്രസിൽ കേ​ന്ദ്രീകരിച്ചു. തൂക്കുസഭ പ്രതീതി ഉണ്ടായപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നവരോടൊപ്പം പോകുമെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. മൃദുഹിന്ദുത്വ രീതി മാറ്റി ബജ്റംഗ്ദൾ നിരോധനമടക്കം ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം ശക്തമാക്കിയ കോൺഗ്രസ് നിലപാടും ഇതിന് കാരണമായി. 

Tags:    
News Summary - The glory is gone; The future is dark for J.D.S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.