അഹ്മദാബാദ് വിമാനാപകടത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും പരിശോധിക്കുന്നതുവഴി അപകട കാരണം അറിയാൻ കഴിഞ്ഞേക്കും. അതേസമയം, ലഭ്യമായ വിവരങ്ങളും സാഹചര്യവും പരിശോധിക്കുമ്പോൾ എൻജിൻ പ്രവർത്തനം പെട്ടെന്ന് നിലച്ചതുതന്നെയാകാം അപകട കാരണമെന്ന് കരുതാം. എൻജിൻ നിലച്ചതെങ്ങനെ എന്നതിൽ വിശദ പരിശോധന വേണ്ടിവരും. സാധാരണ വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ രണ്ട് എൻജിനുകളും ഒരുമിച്ച് പണിമുടക്കാൻ സാധ്യതയില്ല.
പുറപ്പെടുംമുമ്പ് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ സംവിധാനം വിമാനത്താവളങ്ങളിലുണ്ട്. ഈ വിമാനത്തിന്റെ കാര്യത്തിലും അത്തരം നടപടികൾ നടന്നിട്ടുണ്ടാകും. അപകടത്തിൽപെട്ട വിമാനത്തിന് മുമ്പ് എന്തെങ്കിലും അപകടങ്ങളോ ഗുരുതര പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.
11 വർഷമായി സർവിസ് നടത്തുന്നതുകൊണ്ട് കാലപ്പഴക്കമുണ്ടെന്ന് വിമർശനമുണ്ട്. ഇത്തരം വിമാനങ്ങൾ 20 വർഷമൊക്കെ ഉപയോഗിക്കാറുണ്ട്. അഹ്മദാബാദിലേത് രാജ്യത്തെ സുരക്ഷിത വിമാനത്താവളങ്ങളിലൊന്നാണ്. നീളമേറിയ റൺവേ വലിയ വിമാനങ്ങൾക്ക് സുഗമമായി ലാൻഡിങ്ങും ടേക്ക് ഓഫും സാധ്യമാക്കുന്നതുമാണ്. അഞ്ചുവർഷം അവിടെ പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ ഇക്കാര്യം ഉറപ്പിച്ച് പറയാനാകും.
പ്രതികൂല കാലാവസ്ഥയോ പക്ഷികളുടെ സാന്നിധ്യമോ ഉണ്ടായില്ലെന്നും വ്യക്തമാണ്. ഇത്തരത്തിൽ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കിൽ എയർ ട്രാഫിക് കൺട്രോൾ അക്കാര്യം സ്ഥിരീകരിക്കും. ഒരേസമയം 30 വിമാനങ്ങൾ വരെ അഹ്മദാബാദ് എ.ടി.സി പരിധിയിൽ വരാറുണ്ട്. മൂന്ന് കൺട്രോൾ ടവറുകൾ ഇവിടെ പ്രവർത്തിക്കുന്നു. വിമാനം അപകടത്തിൽപെടുമ്പോഴുള്ള അടിയന്തര സന്ദേശം മാത്രമാണ് പൈലറ്റിൽനിന്ന് വന്നത്.
സാധാരണ അപകട സാധ്യത മുന്നിൽകണ്ടുള്ള സന്ദേശങ്ങളെത്താറുണ്ട്. എ.ടി.സിയുമായി ബന്ധപ്പെടാനാവാത്ത വിധം 20 സെക്കൻഡിനുള്ളിൽ എല്ലാം കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളുണ്ടാവുക അപൂർവമാണ്. അതുകൊണ്ടുതന്നെ എൻജിൻ നിലച്ചെന്നതിനപ്പുറം കൂടുതൽ കാര്യങ്ങൾ പുറത്തുവരാൻ വിശദ പരിശോധന വേണ്ടിവരും. വരുംദിവസങ്ങളിൽ അതിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.