കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നാളുകളിലെത്തിയ പശ്ചിമ ബംഗാളിൽ ഇത്തവണയും ന്യൂനപക്ഷ വോട്ടുകൾ തൃണമൂലിന് പിന്നിൽ ഭദ്രം. എസ്.ഐ.ആർ പട്ടികയിൽ 91 ലക്ഷം പേർ പുറത്താവുകയും ബി.ജെ.പിയുടെ ഏക സിവിൽ കോഡ് പ്രഖ്യാപനവുമാണ് 2021ന് സമാനമായി ഒരിക്കൽകൂടി ഭരണകക്ഷിക്ക് പിന്നിൽ ന്യൂനപക്ഷ വോട്ട് ഏകീകരിക്കുന്നത്. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ഹുമയൂൺ കബീറിന്റെ എ.ജെ.യു.പിയും മറ്റൊരു സംഘടനയായ ഐ.എസ്.എഫുമടക്കം ചെറു സംഘടനകൾ സഖ്യം ചേർന്ന് തൃണമൂലിനെതിരെ മുസ്ലിം വോട്ടുകൾ ഒന്നിപ്പിക്കാനുള്ള നീക്കം പാതിവഴിയിൽ അടിച്ചുപിരിഞ്ഞതും മമതക്കും തൃണമൂലിനും അനുഗ്രഹമാകും.
വഖഫ് നിയമം, ഒ.ബി.സി സംവരണം, മദ്റസ നിയമനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തൃണമൂലിനെതിരെ സഖ്യമുണ്ടാക്കാൻ ‘ബദൽ ബാബരി മസ്ജിദ്’ ഫെയിം ഹുമയൂൺ കബീറിനെ കൂട്ടുപിടിച്ച് ഉവൈസി നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങൾ തൃണമൂൽ വൃത്തങ്ങളിൽ ആധി പടർത്തിയിരുന്നു. എന്നാൽ, സഖ്യം എവിടെയുമെത്താതെ എട്ടുനിലയിൽ തകർന്നുവെന്ന് മാത്രമല്ല, ബാബരി മസ്ജിദിന് ബദൽ ബംഗാളിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച് ശിലയിടൽ നടത്തിയ ഹുമയൂൺ കബീറിനെ കുരുക്കി ഒളികാമറ വിഡിയോ പുറത്തുവരികയും ചെയ്തത് ന്യൂനപക്ഷത്തിനിടെ വിശ്വാസം നഷ്ടപ്പെടുത്താനിടയാക്കി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ സഹായിക്കുന്നതിന് പകരമായി ഹുമയൂൺ കബീറിന് 1,000 കോടി വാഗ്ദാനമായിരുന്നു വിഡിയോയിലെ വെളിപ്പെടുത്തൽ.
സംസ്ഥാനത്ത് ഏകദേശം 110 മണ്ഡലങ്ങളിൽ മുസ്ലിം വോട്ട് നിർണായകമാണ്. 2021ൽ ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ തൃണമൂലിനൊപ്പം നിന്നപ്പോൾ അനായാസമായിരുന്നു മമതയുടെ വിജയം.
‘‘ചില മേഖലകളിൽ ന്യൂനപക്ഷ വോട്ട് ചിതറുന്ന ലക്ഷണങ്ങൾ പ്രകടമായിരുന്നു. എന്നാൽ, അവസാന മൂന്നാഴ്ചയിലെ സംഭവവികാസങ്ങൾ ചിത്രം മാറ്റിയിട്ടുണ്ട്. തൃണമൂലിനോട് എത്രമേൽ അപ്രീതിയുണ്ടെങ്കിലും വോട്ട് ഭിന്നിച്ച് ബി.ജെ.പിയെ തുണക്കരുതെന്നാണ് ഇപ്പോഴത്തെ ന്യൂനപക്ഷ മനസ്സ്’’- രാഷ്ട്രീയ നിരീക്ഷകൻ മൈദുൽ ഇസ്ലാം പറയുന്നു.
സംസ്ഥാനത്ത് 12 ശതമാനം വോട്ടർമാരാണ് എസ്.ഐ.ആറിൽ പുറത്തായത്. മതം തിരിച്ചുള്ള കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 34 ശതമാനം മുസ്ലിംകളാണെന്നാണ് റിപ്പോർട്ട്. അഥവാ, 31 ലക്ഷം മുസ്ലിംകൾ പുറത്ത്. സംസ്ഥാനത്ത് ജനസംഖ്യയുടെ 27 ശതമാനമാണ് മുസ്ലിം ജനസംഖ്യ, വോട്ടർമാരിൽ ഏകദേശം 30 ശതമാനവും.
2021ൽ 30 ശതമാനം ന്യൂനപക്ഷ വോട്ടർമാരുള്ള 89 മണ്ഡലങ്ങളിൽ 87ഉം തൃണമൂലിനെയാണ് തുണച്ചത്. 20 ശതമാനമോ അതിൽ കൂടുതലോ ഉള്ള 112 എണ്ണത്തിൽ 106ഉം. ഇവിടങ്ങളിലെ വോട്ടർമാരുടെ നഷ്ടം ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക തൃണമൂലിനാണ്. എന്നാൽ, 31 നിയമസഭ മണ്ഡലങ്ങളുള്ള നോർത്ത് 24 പർഗാനാസ് ജില്ലയിൽ എസ്.ഐ.ആർ വെട്ടിപ്പുറത്താക്കിയത് 12.6 ലക്ഷം വോട്ടർമാരെയാണ്. സൗത്ത് 24 പർഗാനാസിൽ 10.91 ലക്ഷത്തെയും.
22 മണ്ഡലങ്ങളുള്ള മുർഷിദാബാദിൽ 7.48 ലക്ഷവും 16 സീറ്റുള്ള മാൾഡയിൽ 4.59 ലക്ഷവും വോട്ടർമാർ പുറത്തായി. ഈ ആധികൾക്കിടെയാണ് അധികാരത്തിലേറി ആറുമാസം കൊണ്ട് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനവും. എന്നാൽ, തൃണമൂൽ വോട്ടർമാരിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
കോൺഗ്രസിനെ ഇപ്പോഴും തുണക്കുന്ന മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനജ്പൂർ എന്നിവിടങ്ങളിൽ ഇത്തവണയും സീറ്റ് നേടാനാകുമെങ്കിലും തൃണമൂലിനാകും മേൽക്കൈ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.