ജന്തർ മന്തറിലെ സമരവേദിയിൽ അഭിജീത് ദിപ്കെ

ശക്തമാകുന്ന സമരം; അയവില്ലാതെ സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുമ്പോഴും മന്ത്രിയെ സംരക്ഷിച്ച് കേന്ദ്ര സർക്കാർ. ധർമേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിട്ടുപോകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. എന്നാൽ, ഈ ആവശ്യം കേൾക്കാത്ത മട്ടിലാണ് ഇതിനോടുള്ള ബി.ജെ.പി സർക്കാറിന്റെ പ്രതികരണം.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ സമരം തുടങ്ങി ഒന്നര മാസത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചത്. ഇതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സി.ജെ.പി വക്താവ് അശുതോഷ് റങ്ക, തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളിലെ പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഒരുപക്ഷേ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി ഇന്ത്യയില്‍ തിരിച്ചെത്തിയതു കൊണ്ടാകാം. എന്തായാലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു എന്നത് നല്ല കാര്യം. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ശേഷം എന്ത് ശിക്ഷ നല്‍കിയാലും, അത് ചോര്‍ച്ചയെന്ന പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. അതിനാണ് മറുപടി ലഭിക്കേണ്ടത്. ശിക്ഷ നല്‍കുക എന്നത് പരിക്കിന് മരുന്നു പുരട്ടുന്നതു പോലെയാണ്, പരിക്കുണ്ടാകാതെ തടയുക എന്നതാണ് പ്രധാനം. സിസ്റ്റം നടത്തുന്നവര്‍ ഉത്തരവാദിത്തമോ കഴിവോ ഇല്ലാത്തവരായതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അശുതോഷ് രങ്ക കൂട്ടിച്ചേര്‍ത്തു.

മോദിക്ക് വിമർശനം, ധർമേന്ദ്ര പ്രധാന് പരിഹാസം

നീറ്റ് ചോദ്യച്ചോർച്ചയിൽ കോക്രോച്ച് ജനത പാർട്ടി തുടരുന്ന സമരത്തിനിടെ ആദ്യമായി ​പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് മോദിയെ വിമർശിച്ചത്. ഒപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ചും കുറിപ്പിട്ടു.

മറ്റെന്തിനേക്കാളും പ്രാധാന്യം യുവാക്കളുടെ ക്ഷേമത്തിനാണെന്ന് ‘എക്സി’ൽ കുറിച്ച മോദിയോട്, ‘ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാകൂ’ എന്നാണ് പാർട്ടിയുടെ പേരിൽ സമൂഹമാധ്യമത്തിൽ മറുപടി വന്നത്. പിന്നാലെ ദീപ്കെ, തന്റെ ‘എക്സ്’ അക്കൗണ്ടിൽ ധർമേന്ദ്ര പ്രധാന്റെ ചിത്രം നൽകി അതിന് താഴെ ‘ഹായ്. എന്റെ പേര് നത്തിങ്’ എന്നും കുറിച്ചു. മോദിയുടെ പോസ്റ്റും പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കർശനമായ ശിക്ഷ നടപ്പിലാക്കാനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നും മോദി പറഞ്ഞിരുന്നു.

സമരം അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് സോനം വാങ്ചുക്ക്

പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയോ അറസ്റ്റോ പീഡനങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ താൻ ഉപവാസം അവസാനിപ്പിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ആവർത്തിച്ചു. താൻ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നിരാഹാര സമരത്തിനിടെ തന്റെ ഭാരം 11 കിലോ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

മെട്രോ സ്റ്റേഷനുകൾ അടച്ചു, പിന്നാലെ സുപ്രീംകോടതി ഇടപെടൽ

ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി തുടരുന്ന പ്രതിഷേധം പരിസരങ്ങളിലേക്കും വ്യാപിച്ച് ശക്തിപ്രാപിച്ചതോടെ കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഡൽഹി മെട്രോ റെയിൽ സർവിസുകൾ രാവിലെ നിർത്തിവെച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 മുതൽ അടുത്ത നിർദേശം ലഭിക്കുന്നതുവരെ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, സുപ്രീംകോടതി തുടങ്ങിയ പ്രധാന സ്റ്റേഷനുകളാണ് അടച്ചത്. ഉച്ചക്കുശേഷം മെട്രോ സ്‌റ്റേഷനുകൾ തുറന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിനെ തുടർന്ന് തുറന്നു​കൊടുക്കേണ്ടി വന്നു.

Tags:    
News Summary - Protest Intensifies, Government Stands Firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.