ന്യൂഡൽഹി: പ്രവാചകനിന്ദ നടത്തിയതിന് ബി.ജെ.പി നേതാവ് നവീൻകുമാർ ജിൻഡാലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകളും ഡൽഹി പൊലീസിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്.ഐ.ആറുകൾ തള്ളണമെന്ന ആവശ്യവുമായി ഡൽഹി ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി ഇതിനായി അനുവദിച്ച എട്ടാഴ്ച പൊലീസ് തുടർനടപടിയെടുക്കരുതെന്നും ഉത്തരവിട്ടു.
പ്രവാചകനിന്ദ കേസിൽ ബി.ജെ.പി നേതാവ് നൂപുർ ശർമയുടെയും 'ടൈംസ് നൗ' എഡിറ്റർ നവിക കുമാറിന്റെയും കേസുകളിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നവീൻ ജിൻഡാൽ ഉന്നയിച്ച ആവശ്യം ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കായുള്ള ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ സ്ട്രാറ്റജിക് ഓപറേഷൻസ് (ഐ.എഫ്.എസ്.ഒ) യൂനിറ്റിനാണ് ചുമതല. ജിൻഡാലിനുവേണ്ടി ഹാജരായ അഡ്വ. ഗീത ലൂഥ്റ ഈ ആവശ്യം ഉന്നയിച്ചപ്പോൾ കേന്ദ്രസർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി പിന്തുണച്ചു.
ഭാവിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളും ഡൽഹി പൊലീസിലേക്ക് മാറ്റണമെന്ന ബി.ജെ.പി നേതാവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നേതാവിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് അഭിഭാഷക വാദിച്ചപ്പോൾ പ്രതിക്ക് അത്തരം പരിഗണനകളൊന്നും നൽകാനാവില്ലെന്നും വേണമെങ്കിൽ അതിനായി അപേക്ഷ കൊടുത്തോളൂ എന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.