ബി.ബി.സിയുടെ ഡോക്യുമെന്ററി നീക്കിയത് 2021ലെ ഐ.ടി നിയമത്തിന്റെ ബലത്തിൽ

ബി.ബി.സിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിന് യുട്യൂബിലും ട്വിറ്ററിലും വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി വിവാദമായതോടെ വിലക്കിന് ആധാരമായ നിയമവും ചർച്ചയാകുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് വിഡിയോ നീക്കം ചെയ്തത്. യുട്യൂബ് വിഡിയോയുടെ ലിങ്കുകൾ അടങ്ങിയ 50ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. 2021ലെ ഐ.ടി നിയമത്തിലെ റൂൾ 16 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി ഇതിനുള്ള നിർദേശങ്ങൾ നൽകിയത്.

2021 ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം, അടിയന്തര സാഹചര്യത്തിൽ ഏതെങ്കിലും വിവരമോ അതിന്റെ ഭാഗമോ പൊതുജനങ്ങളിൽ എത്തുന്നത് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയ സെക്രട്ടറിക്ക് അധികാരം നൽകുന്നു.

വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡോക്യുമെന്ററി പരിശോധിച്ചെന്ന് അറിയിച്ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയൽ ചിന്താഗതി പ്രതിഫലിക്കുന്നതുമായ പ്രോപഗന്റയാണ് ഇതെന്ന് ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ അധികാരത്തെയും വിശ്വാസ്യതയെയും അധിക്ഷേപിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമുള്ള ശ്രമമാണിത്. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും തുരങ്കം ​വെക്കുന്നതാണെന്നും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തെയും രാജ്യത്തെ പൊതുക്രമത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതാണെന്നും മന്ത്രാലയം ആരോപിച്ചു. ഇത് ഐ.ടി നിയമത്തിന്റെ പരിധിയിൽ വരുന്ന​താണെന്നാണ് മന്ത്രാലയത്തിന്റെ വാദം.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനിൽ ചൊവ്വാഴ്ചയാണ് ബി.ബി.സി-ടു സംപ്രേഷണം ചെയ്തത്. ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ഡോക്യുമെന്ററി. വംശഹത്യയിലേക്ക് സംഘർഷവും കലാപവും എത്തിയതെങ്ങനെയെന്ന അന്വേഷണം കൂടിയാണിത്. വംശഹത്യക്കു പിന്നാലെ ബ്രിട്ടീഷ് സർക്കാർ രൂപംനൽകിയ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഡോക്യുമെന്ററി വിലക്കിയ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളും നേതാക്കളും വിമർശനവുമായി എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി മുൻ ജഡ്ജിമാരടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - The BBC's documentary was removed under the IT Act 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.