ആ ചോദ്യം ഉയർത്തിയത് ആപ്പിനെ പ്രതിയാക്കാനല്ല -സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ പണമെല്ലാം ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോയെന്ന് ആരോപിക്കുന്ന ഇ.ഡി, ആ രാഷ്ട്രീയ പാർട്ടിയെ ഇതുവരെ പ്രതിയാക്കാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ചത് ആം ആദ്മി പാർട്ടിയെ പ്രതിയാക്കാനല്ലെന്നും കേവലം നിയമപരമായ ഒരു ചോദ്യമുന്നയിച്ചതാണെന്നും സുപ്രീംകോടതി വ്യക്തത വരുത്തി. കോടതിയുടെ ചോദ്യം തങ്ങൾക്ക് പരിക്കേൽപിച്ചുവെന്ന് മനീഷ് സിസോദിയക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി വ്യാഴാഴ്ച ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം.

ആപ്പിനെ കേസിൽ എന്തുകൊണ്ട് പ്രതിയാക്കിയില്ല എന്ന് തലക്കെട്ടിട്ട് വ്യാഴാഴ്ച രാവിലെ പത്രങ്ങൾ ഇറങ്ങിയതോടെ ആപ്പിനെ ഇ.ഡി പ്രതിയാക്കുമെന്ന് ചാനലുകൾ തുടർവാർത്തകളും നൽകിയെന്ന് സിങ്‍വി ബോധിപ്പിച്ചു. കോടതിയുടെ ചോദ്യം സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് റിപ്പോർട്ട് ചെയ്യുകയാണെന്നും സിങ്‍വി കുറ്റപ്പെടുത്തി.

കോടതിയുടെ ചോദ്യം ആരെയെങ്കിലും കേസിൽ പ്രതിയാക്കാനല്ലെന്ന് വ്യക്തത വരുത്തുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന മറുപടി നൽകി. ‘എ’യെ പ്രോസിക്യൂട്ട് ചെയ്യാതെ ‘ബി’യെയും ‘സി’യെയും പ്രോസിക്യൂട്ട് ചെയ്യാനാകുമോ എന്ന സാങ്കൽപിക ചോദ്യമാണ് ഉന്നയിച്ചത്. ആ സന്ദർഭത്തിലെ നിയമപരമായ ഒരു ചോദ്യമുയർത്തുകയാണ് കോടതി ചെയ്തതെന്നും ജസ്റ്റിസ് ഖന്ന കൂട്ടിച്ചേർത്തു.

കോടതിയിൽ ഞങ്ങൾ ചോദ്യങ്ങളുന്നയിക്കും. ഉത്തരങ്ങൾ തേടും. മാധ്യമങ്ങളാൽ കോടതി സ്വാധീനിക്കപ്പെടില്ല. ആ തലക്കെട്ടുകൾ താനും കണ്ടു. അതൊന്നും തങ്ങളെ ബാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

പത്രവാർത്ത കണ്ട് രാവിലെ ചാനലുകൾ തന്നോട് ചോദ്യം ചോദിച്ചുവെന്നും തെളിവുണ്ടെങ്കിൽ ആരെയും വെറുതെവിടില്ലെന്നും താൻ മറുപടി നൽകിയെന്നും സി.ബി.ഐക്കും ഇ.ഡിക്കുംവേണ്ടി ഹാജരാകുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കോടതിയിൽ പറഞ്ഞു.

‘അനധികൃത തടയൽ നിയമം (പി.എം.എൽ.എ) അനുസരിച്ച് രജിസ്റ്റർചെയ്ത ഡൽഹി മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആകെ ആരോപിക്കുന്നത് പണമെല്ലാം ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോയെന്നാണ്. എന്നാൽ, ആ രാഷ്ട്രീയ പാർട്ടിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. നിങ്ങൾ ഇതിനെങ്ങനെ ഉത്തരം പറയും?’ എന്നായിരുന്നു ബുധനാഴ്ച വാദം കേൾക്കലിനിടെ ജസ്റ്റിസ് ഖന്നയുടെ ചോദ്യം.

Tags:    
News Summary - That question was raised not to impeach the app -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.