കൊൽക്കത്ത: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. രാജ്യത്തെ വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽനിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ ബാനർജി തെരഞ്ഞെടുപ്പ് കമീഷന്റെ സമഗ്രതയെയും ചോദ്യം ചെയ്തു.
‘ഒരു എപിക് നമ്പറിൽ ഒന്നിലധികം വോട്ടർമാരുണ്ട്. ഇത് ഒരു രാഷ്ട്രീയ പാർട്ടിയും നൽകുന്ന ഡാറ്റയല്ല. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റയാണ്. ബി.ജെ.പി എന്തിന് കമീഷനെ പ്രതിരോധിക്കണം?’ -ആരോപണവിധേയമായ പൊരുത്തക്കേടുകൾ വിശദീകരിക്കാൻ ഭരണകക്ഷിയെ വെല്ലുവിളിച്ച് അഭിഷേക് ചോദിച്ചു.
തെറ്റായ വോട്ടർ പട്ടികകളുടെ പ്രശ്നം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു. അദ്ദേഹം അതിനെ ഒരു ‘ദേശീയ പ്രശ്നം’ എന്ന് വിശേഷിപ്പിക്കുകയും ബി.ജെ.പി ചില സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് ഉന്നം വെച്ചതായി ആരോപിക്കുകയും ചെയ്തു.
‘വോട്ടർ പട്ടികയിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ മുഴുവൻ ലോക്‌സഭയും പിരിച്ചുവിടുക. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ എല്ലാ എം.പിമാരും രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യട്ടെ’യെന്നും അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പി അധികാരത്തിൽ വന്നത് വോട്ട് കൊള്ളയിലൂടെയാണ്. ആവശ്യമെങ്കിൽ ഞാനും രാജിവെക്കും. പുതിയ തെരഞ്ഞെടുപ്പുകൾ നടത്തട്ടെയെന്നും’ അഭിഷേക് വെല്ലുവിളിച്ചു. കൃത്രിമത്വം തെളിയിക്കപ്പെട്ടാൽ കമീഷനെതിരെ ക്രിമിനൽ നടപടികൾ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.